കുതിച്ചുയര്‍ന്ന് സ്വര്‍ണവില; രണ്ടാം ദിവസവും റെക്കോര്‍ഡില്‍; ഇന്നത്തെ നിരക്കുകളിങ്ങനെ

പുതിയ ഉയരം താണ്ടി കേരളത്തിലെ സ്വര്‍ണ വില. ബുധനാഴ്ചയും വില ഉയര്‍ന്നതോടെ കേരളത്തിലെ സ്വര്‍ണ വില രണ്ടാം ദിവസവും സര്‍വകാല റെക്കോര്‍ഡ് കണ്ടെത്തി. ബുധനാഴ്ച പവന് 200 രൂപ വര്‍ധിച്ച് 47,760 രൂപയിലാണ് വ്യാപാരം. ഗ്രാമിന്  25 രൂപ വര്‍ധിച്ച് 5,970 രൂപയിലെത്തി. 

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില പുതിയ ഉയരം കുറിക്കുന്നത്. ചൊവ്വാഴ്ച പവന് 560 രൂപ വര്‍ധിച്ച് സ്വര്‍ണ വില 47,560 രൂപയിലെത്തി ചരിത്രം കുറിച്ചിരുന്നു. 2023 ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപ എന്ന റെക്കോര്‍ഡാണ് ഇന്നലെ തകര്‍ത്തത്. ആഗോള വിപണിയിലെ ട്രെന്‍ഡ് അനുസരിച്ച് കേരളത്തിലും സ്വര്‍ണ വില കുതിക്കുകയാണ്. 

അമേരിക്കയില്‍ നിന്നുള്ള അനുകൂലമായ സാമ്പത്തിക ഡാറ്റയുടെ ബലത്തില്‍ ജൂണില്‍ പലിശ നിരക്ക് വെട്ടികുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണം കുതിക്കുന്നത്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2,141 ഡോളറിലെത്തി സര്‍വകാല ഉയരം കുറിച്ചിരുന്നു. മിഡില്‍ഈസ്റ്റില്‍ തുടരുന്ന സംഘര്‍ഷങ്ങളും സ്വര്‍ണത്തിനുള്ള ഡിമാന്‍റ് ഉയര്‍ത്തുന്നുണ്ട്. 

ഇക്കാരണങ്ങളാല്‍ തന്നെ മാര്‍ച്ച് മാസം ആരംഭത്തില്‍ തന്നെ സ്വര്‍ണ വില കുതിപ്പായിരുന്നു.  മാര്‍ച്ച് ഒന്നിന് 240 രൂപ വര്‍ധിച്ച് 46,320 രൂപയിലേക്കും രണ്ടിന് 680 രൂപ വര്‍ധിച്ച് 47,000 രൂപയിലേക്കും സ്വര്‍ണ വില എത്തിയിരുന്നു. 

Gold Price in kerala hit all time high on second day