യുദ്ധവും യുഎസും 'കൈവിട്ടു'; താഴോട്ടിറങ്ങി സ്വര്‍ണ വില; വാങ്ങാന്‍ നല്ല സമയമോ?

മലയാളിയുടെ കയ്യില്‍ നില്‍ക്കാത്ത വിലയിലേക്ക് സ്വര്‍ണ വില എത്തിയിട്ട് കാലം കുറച്ചായി. മാസാരംഭത്തില്‍ ഏപ്രില്‍ രണ്ടിന് 50,680 രൂപ നിരക്കിലായിരുന്ന പവന്‍റെ വില ഏപ്രില്‍ 19 ന് സര്‍വകാല ഉയരമായ 54,520 രൂപയിലേക്ക് എത്തിച്ചത് ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളാണ്. സംഘര്‍ഷങ്ങള്‍ അയഞ്ഞതും അമേരിക്കയില്‍ പലിശ നിരക്ക് പിന്‍വലിക്കല്‍ ഉടനടിയില്ലെന്ന തീരുമാനവും സ്വര്‍ണ വിലയെ താഴോട്ടിടിക്കുകയാണ്. 

ഈ ഇടിവ് കേരളത്തിലെ സ്വര്‍ണ വിലയില്‍ ചാഞ്ചട്ടം ഉണ്ടാക്കുന്നതായി കാണാം. ഏപ്രില്‍ 19 ന്, കഴിഞ്ഞ വെള്ളിയാഴ്ച സര്‍വകാല ഉയരമായ 54,520 രൂപയിലേക്ക് എത്തിയ ശേഷം സ്വര്‍ണ വില തുടര്‍ച്ചയായ ഇടിവിലാണ്. നാല് ദിവസം തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം ബുധനാഴ്ചയാണ് 360 രൂപ വര്‍ധിച്ചത്. തൊട്ടടുത്ത ദിവസം വ്യാഴാഴ്ച 280 രൂപ സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇതിന് ശേഷമാണ് വെള്ളിയാഴ്ച സ്വര്‍ണ വില 320 രൂപ വര്‍ധിച്ചത്. ഇതുപ്രകാരം ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വില 1,200 രൂപ കുറഞ്ഞു.

ആഗോള വിപണിയിലെ ചിത്രവും ഇങ്ങനെ തന്നെ. ഈ ആഴ്ചയില്‍ സ്വര്‍ണ വില ഏകദേശം രണ്ട് ശതമാനത്തോളം ഇടിഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ കാര്യമായ അയവുണ്ടായതാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകാന്‍ കാരണം. ആഗോള വിപണിയില്‍ ഏപ്രില്‍ 12 ന് 2,431.29 ഡോളറിലേക്ക് കുതിച്ച സ്വര്‍ണ വില വെള്ളിയാഴ്ച 2,348 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വില ഉയരുമെന്നുള്ള പ്രതീക്ഷകള്‍ കുറഞ്ഞതോടെ സ്വര്‍ണം സര്‍വകാല ഉയരത്തില്‍ നിന്ന് ഏകദേശം 100 ഡോളറിനിടുത്ത് ഇടിഞ്ഞു. എന്നാല്‍ വലിയ ഇടിവ് പെട്ടന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിപണി നല്‍കുന്ന സൂചന. 

അക്ഷയ തൃതിയ വരാനിക്കുന്നത് സ്വര്‍ണ വിലയെ സ്വാധീനിക്കും. വില കുറഞ്ഞ അവസരത്തില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുന്നതും ആഗോള പ്രശ്നങ്ങള്‍ അവസാനിക്കാതെ തുടരുന്നതും വില സമീപ ഭാവിയില്‍ ഉയരാനുള്ള സാധ്യത തന്നെയാണ് വിദഗ്ധര്‍ നല്‍കുന്നത്. ഇസ്രയേല്‍– ഹമാസ്, റഷ്യ– യുക്രൈന്‍ യുദ്ധം സംബന്ധിച്ചോ ചൈനയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചോ ഉള്ള മോശം വാര്‍ത്തകള്‍ സ്വര്‍ണ വിലയുടെ കുതിപ്പിന് കാരണമാകും. യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് തീരുമാനം വരുന്ന മുറയ്ക്കും സ്വര്‍ണ വില ഉയരാന്‍ സാധ്യതയുണ്ട്. 

Gold Price Down Rs 1200 Per Pavan From All Time High; Its Good Time To Buy Or Not