'മെസി'യല്ല, എം'ബാപ്'പെ ബജറ്റ്..!’; ‘ആര്‍ആര്‍ആര്‍’ എന്നും ഹര്‍ഷ് ഗോയങ്ക

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ സംബന്ധിച്ച രാജ്യത്തെ വ്യവസായ പ്രമുഖരുടെ അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ സമയം മെസിയേയും എംബാപ്പെയേയും മുന്‍പില്‍ വെച്ചാണ് കേന്ദ്ര ബജറ്റിനെ കുറിച്ച് വ്യവസായി ഹര്‍ഷ് ഗോയങ്കയുടെ പ്രതികരണം. ‌‌

'മെസി'യല്ല, എം'ബാപ്'പെ ബജറ്റാണ് ഇത്. ലോക ചാമ്പ്യനാവാനുള്ള പാതയിലേക്ക് ഇന്ത്യയെ മാറ്റുന്ന ബജറ്റ്. അടിസ്ഥാന സൗകര്യ വികസനം, ഉപഭോഗം, ഉള്‍ക്കൊള്ളല്‍ എന്നിവയിലെല്ലാം സ്കോര്‍ ചെയ്യാന്‍ പോകുന്നു. തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിലും ആഭ്യന്തര ഉദ്പാദനത്തിലും ബിസിനസിന് അനുകൂലമായ സാഹചര്യം സൃഷ്‌ടിക്കുന്നതിലും വലിയ പ്രോത്സാഹനം നല്‍കുന്ന ബജറ്റ്-  ഹര്‍ഷ് ഗോയങ്ക ട്വിറ്ററില്‍ കുറിച്ചു.  

ബജറ്റിനെ ആര്‍ആര്‍ആറിനോടും ഹര്‍ഷ് ഗോയങ്ക താരതമ്യപ്പെടുത്തുന്നുണ്ട്. റെയില്‍വേ, റിന്യുവബിള്‍സ്, റിഫോംസ് എന്നിവ ചൂണ്ടി ഗോള്‍ഡന്‍ ഗ്ലോബ് നേടാന്‍ രാജ്യത്തിനാകെ നാട്ടുനാട്ടു ബജറ്റ് എന്നാണ് ഹര്‍ഷ് ഗോയങ്കയുടെ മറ്റൊരു ട്വീറ്റ്. 

പുതിയ ആദായനികുതി ഘടനയിലേക്ക് മാറുന്നവര്‍ക്ക് മാത്രം ഇളവുകള്‍ പ്രഖ്യാപിച്ചും നികുതി സ്ലാബുകള്‍ കുറച്ചുമുള്ള ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. വീടിനുള്ള വായ്പയ്ക്കും ഇന്‍ഷുറന്‍സിനും അടക്കം കിഴിവുകള്‍ ബാധകമായ പഴയ രീതി തുടരുന്നവര്‍ക്ക് യാതൊരു ഇളവും പ്രഖ്യാപിച്ചില്ല. പുതിയ രീതിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഏഴുലക്ഷംരൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല.