മസ്‌ക് ട്വിറ്റര്‍ ഡയറക്ടർ ബോർഡിലേക്ക്; പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം: ഓഹരികളില്‍ കുതിപ്പ്

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെസ്ല സിഇഒയുമായ ഇലോൺ മസ്‌ക് ട്വിറ്റര്‍ ഡയറക്ടർ ബോർഡിൽ ചേരുന്നു. കമ്പനിയുടെ 9.2 ശതമാനം ഓഹരി നേടിയെടുത്തതിനു തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. ബോർഡ് മെംബറായതിനാൽ ട്വിറ്ററിന്‍റെ 14.9 ശതമാനത്തില്‍ കൂടുതല്‍ ഓഹരി തനിച്ചോ കൂട്ടായോ മസ്കിന് കൈവശപ്പെടുത്താനാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മസ്കിനെ ബോര്‍ഡിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വിറ്റര്‍ സേവനങ്ങളെക്കുറിച്ച് കൃത്യമായ വിമര്‍ശനങ്ങള്‍ മുന്നോട്ടുവച്ചിരുന്ന വ്യക്തി കൂടിയാണ് മസ്ക് എന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ട്വിറ്ററില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഇലോൺ മസ്‌കും പ്രതികരിച്ചിട്ടുണ്ട്. ഇലോൺ മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിലേക്കെത്തുന്ന വിവരം ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക് ഡോർസിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 

കമ്പനിയിലെ ജീവനക്കാരല്ലാത്ത ഡയറക്ടർമാർക്ക് ബാധകമായ ആനുകൂല്യ ക്രമീകരണങ്ങളിൽ മസ്‌ക് ഭാഗമാകുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 2024ല്‍ ട്വിറ്റര്‍ ഓഹരി ഉടമകളുടെ വാർഷിക മീറ്റിംഗ് അവസാനിക്കുന്നതോടെ സെക്കന്‍റ് ക്ലാസ് ഡയറക്ടര്‍ എന്ന നിലയിലാവും അദ്ദേഹം ട്വിറ്ററിന്‍റെ ഭാഗമാകുക. മസ്ക് ട്വിറ്ററിലേക്കെത്തുന്നവെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു തൊട്ടുപിന്നാലെ ട്വിറ്റര്‍ ഓഹരികളില്‍ ആറ് ശതമാനം വര്‍ധനവുണ്ടായതായ റിപ്പോര്‍ട്ടുകളുമുണ്ട്.

പുതിയ സമൂഹമാധ്യമം കൊണ്ടുവരുന്നതിനെ കുറിച്ച്‌ ഇലോൺ മസ്‌ക് ചർച്ചകള്‍ നടത്തുന്നുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. നിരന്തരം ട്വിറ്ററില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചും ട്വിറ്ററിനെതിരായ വിമര്‍ശനങ്ങളും അദ്ദേഹം നടത്തിയിരുന്നു.