അഞ്ച് വർഷത്തിനിടെ ഇല്ലാതായത് 3400 ബാങ്ക് ശാഖകൾ; കൂടുതലും എസ്ബിഐ

രാജ്യത്ത് കഴിഞ്ഞ 5 വര്‍ഷത്തിനിടെ 3400  പൊതു മേഖലാ ബാങ്ക് ശാഖകള്‍ അടച്ചു പൂട്ടുകയോ മറ്റ് ശാഖകളുമായി ലയിപ്പിക്കുകയോ ചെയ്തതായി രേഖകള്‍. ഏറ്റവും കൂടുതല്‍ ശാഖകള്‍ ഇല്ലാതായത് എസ്ബിഐയുടേതാണ്. അഞ്ച് വര്‍ഷത്തിനിടെ  2,568 എസ്ബിഐ ശാഖകളാണ്  കുറഞ്ഞത്

ബാങ്കുകളുടെ ലയനവും ശാഖകളുടെ എണ്ണം വെട്ടിക്കുറക്കലും കാരണമാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ 26  പൊതുമേഖലാ ബാങ്കുകളുടെ 3,400 ശാഖകള്‍ ഇല്ലാതായത്. എസ്ബിടി അടക്കമുളള മറ്റ് സ്റ്റേറ്ര് ബാങ്കുകളുമായുളള ലയനം മൂലം ഏറ്റവും കൂടുതല്‍ ശാഖകള്‍ പൂട്ടുകയോ, ലയിപ്പിക്കുകയോ ചെയ്തത് എസ്ബിഐ ആണ് . 2568 എസ്ബിഐ ശാഖകളാണ്  5 വര്‍ഷത്തിനിടെ ഇല്ലാതായത്. 2014-15 സാമ്പത്തിക വര്‍ഷം 90 ശാഖകളാണ് ഇല്ലാതായതെങ്കി്‍ 2015-16ല്‍ ഇത് 126 എണ്ണമായി.2016-17ല്‍ 253 ബാങ്ക് ശാഖകള്‍ പൂട്ടി.സ്റ്റേറ്റ് ബാങ്കുകളുടെ   ലയനം നടന്ന  2017-18ല്‍ ആണ് ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകള്‍ ഇല്ലാതായത്. 2083 എണ്ണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 875 എണ്ണവും ഇല്ലാതായി. ഇവയില്‍ ഭൂരിഭാഗവും മെട്രോ നഗരങ്ങളിലും പട്ടണ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നവയാണ്.

കഴിഞ്ഞ ഏപ്രില്‍ 1ന് പ്രഖ്യാപിച്ച വിജയ ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയന നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് കൂടി കഴിയുമ്പോള്‍ പൂട്ടുകയോ പരസ്പരം ലയിപ്പിക്കുകയോ ചെയ്യുന്ന ശാഖകളുടെ എണ്ണം ഇനിയും കൂടും.