കുതിച്ചുയർന്ന് ഇന്ത്യ; ബിസിനസ് സൗഹൃദ പട്ടികയിൽ മുന്നേറ്റം

ലോകത്തെ ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മികച്ച കുതിപ്പ്. ലോകബാങ്കിന്റേതാണ് റിപ്പോർട്ട്. പട്ടികയിൽ 63-ാം സ്ഥാനത്താണ് ഇന്ത്യ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളുമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ സ്വകാര്യമേഖലയിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും ലോകബാങ്ക് വിലയിരുത്തി.

ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽ ന്യൂസിലൻഡ്, സിംഗപ്പൂർ, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്.

പുതിയ സംരംഭങ്ങൾ തുടങ്ങുന്നതും നടത്തുന്നതുമായ പട്ടികയിലും ഇന്ത്യ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഐഎംഎഫിന് പിന്നാലെ റിസർവ് ബാങ്കും ലോകബാങ്കുമെല്ലാം ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇടിയുമെന്ന പ്രവചനം നടത്തിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. 2017 ൽ ഇറാനും ഉഗാണ്ടയ്ക്കും പിന്നിൽ 130-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം 23 സ്ഥാനങ്ങൾ ഉയർന്ന് 77 ൽ എത്തി. ഇതിന് പിന്നാലെയാണ് പട്ടികയിൽ 14 സ്ഥാനങ്ങൾ കൂടി ഉയർന്നത്.

2014 ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേൽക്കുമ്പോൾ 190 രാജ്യങ്ങളുടെ പട്ടികയിൽ 142-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഈസ് ഓഫ് ഡൂയിങ്  ബിസിനസ് ലിസ്റ്റിൽ ആദ്യ 50 ലേക്ക് ഇന്ത്യയെ എത്തിക്കുമെന്ന് അധികാരമേറ്റതിന് പിന്നാലെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ പ്രശംസിച്ച് നീതി ആയോഗ് മുൻ സിഇഒ അമിതാബ് കാന്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.