ചെറുകിട വായ്പകള്‍ അടിസ്ഥാന പലിശ നിരക്കുമായി ബന്ധിപ്പിക്കാൻ ആർബിഐ

ഒക്ടോബര്‍ 1 മുതല്‍ നല്‍കുന്ന ചെറുകിട വായ്പകള്‍ അടിസ്ഥാന പലിശ നിരക്കുമായി ബന്ധിപ്പിക്കണമെന്ന് ആര്‍ബിഐ. ഇതോടെ ഭവന, വാഹന വായ്പ, മറ്റ് ചെറുകിട വായ്പകള്‍ എന്നിവയ്ക്കുളള പലിശ നിരക്ക് കുറയുന്നതിന് വഴിയൊരുങ്ങി. 

പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വരുത്തുന്ന മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് ആര്‍ബിഐ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഏതാനും പൊതുമേഖലാ ബാങ്കുകള്‍ ഒഴികെ ഈ നിര്‍ദേശം പാലിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ചെറുകിട വായ്പകള്‍ അടിസ്ഥാന പലിശ നിരക്കുമായി ബന്ധപ്പെടുത്താന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഒക്ടോബര്‍ 1 മുതലുളള എല്ലാ ചെറുകിട വായ്പകളും അടിസ്ഥാന പലിശ നിരക്കുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമാണ് എന്ന് ആര്‍ബിഐ അറിയിച്ചു. ഇതോടെ ഭവന, വാഹന വായ്പകള്‍, ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്കുളള വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്കുളള പലിശ നിരക്കുകള്‍ കുറയും. ആര്‍ബിഐ നിശ്ചയിക്കുന്ന റിപ്പോ നിരക്ക്, ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്ക്സ് ഇന്ത്യ പുറത്തിറക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ട്രഷറി ബില്‍, അല്ലെങ്കില്‍ എഫ്ബിഐഎല്ലിന്‍റെ തന്നെ മറ്റേതെങ്കിലുമൊരു അടിസ്ഥാന നിരക്ക് എന്നിവയാണ് പുതിയ വായ്പകള്‍ക്കുളള പലിശ നിരക്കിന്റെ മാനദണ്ഡം. നിലവില്‍ എംസിഎല്‍ആര്‍ നിരക്ക് പ്രകാരമാണ് പലിശ നിശ്ചയിച്ചിരുന്നത്. ഈ പലിശ നിരക്ക് തൃപ്തികരമല്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.