റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും; പുതിയ വായ്പാ നയം നാളെ

റിസര്‍വ്ബാങ്ക് പുതിയ വായ്പാനയം നാളെ പ്രഖ്യാപിക്കും. പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കുമെന്നാണ് സൂചന. വളര്‍ച്ചാ നിരക്ക് കൂട്ടാന്‍ പലിശ കുറക്കണമെന്നാണ് വ്യവസായ ലോകത്തിന്‍റെ ആവശ്യം.

വാണിജ്യ ബാങ്കുകൾ റിസര്‍വ് ബാങ്കില്‍ നിന്നും എടുക്കുന്ന വായ്പയ്ക്ക് നല്‍കുന്ന പലിശ നിരക്കായ റിപ്പോ ഈ വര്‍ഷം ഇത് വരെ 0.75 ശതമാനം ആണ് റിസര്‍വ് ബാങ്ക് കുറച്ചത്. ഈ വര്‍ഷം നടന്ന മൂന്ന് അവലോകന യോഗങ്ങളിലും കാല്‍ ശതമാനം വീതം പലിശ കുറച്ചു. ഇത്തവണയും റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് സൂചന. 

നാണ്യപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ട 4 ശതമാനത്തിന് താഴെയാണ് . ജൂണിലെ നാണ്യപ്പെരുപ്പം 3.18 ശതമാനം മാത്രമാണ്.  ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍ ഇതേ നിരക്ക് തന്നെ തുടരാനാണ് സാധ്യതയും പക്ഷെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 7 ശതമാനത്തില്‍ നിന്ന് മുന്നോട്ട് നീങ്ങുന്നില്ല. IMF രാജ്യത്തിന്‍റെ വളര്‍ച്ചാ അനുമാനം 7.30 ശതമാനത്തില്‍ നിന്നും 7 ശതമാനമാക്കി കുറക്കുകയും ചെയ്തു.  ഈ പ്രതിസന്ധി പരിഹരിക്കാന്‍ പലിശ നിരക്ക് കുറച്ച് പുതിയ നിക്ഷേപങ്ങള്‍ക്ക് വഴി തുറക്കണമെന്നാണ് വ്യവസായ ലോകം ആവശ്യപ്പെടുന്നത്. വില്‍പന കുറഞ്ഞത് മൂലം പ്രതിസന്ധി നേരിടുന്ന വാഹന നിര്‍മാണ മേഖലയ്ക്കും പലിശ നിരക്ക് കുറയ്ക്കുന്നത് ആശ്വാസമാകും.