റിലയന്‍സിന് 4.55 ലക്ഷം കോടി രൂപയുടെ ബാധ്യത; ഓഹരികളുടെ ഗ്രേഡ് കുറച്ച് ക്രെഡിറ്റ് സ്യുസ്

സാമ്പത്തിക ബാധ്യത കുത്തനെ വര്‍ധിച്ചതിനെ തുടര്‍ന്ന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരികളുടെ ഗ്രേഡ് കുറച്ച് ക്രെഡിറ്റ് സ്യുസ് . 4.55 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്‍റെ ആകെ ബാധ്യത. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് സാമ്പത്തിക ബാധ്യതയില്‍ വലിയ വര്‍ധനയുണ്ടായത്

2015ല്‍ 1.33ലക്ഷം കോടിയായിരുന്നു റിലയന്‍സിന്‍റെ സാമ്പത്തിക ബാധ്യത. നാല് വര്‍ഷത്തിനിപ്പുറം 2019ല്‍ 3.22 ലക്ഷം കോടി രൂപ വര്‍ധിച്ച് 4.55 ലക്ഷം കോടി രൂപയുടെ ബാധ്യത കമ്പനിക്കുണ്ട്. കടം, ക്രൂഡ് ഉല്‍പാദനത്തിനുളള ഉയര്‍ന്ന ചിലവ്, ഉപഭോക്താക്കളില്‍ നിന്നും വാങ്ങിയ മുന്‍കൂര്‍ തുക,സ്പെക്ട്രത്തിനായുളള തുക എന്നിവയാണ് റിലയന്‍സിന്‍റെ സാമ്പത്തിക ബാധ്യതകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ കമ്പനി കൊടുത്ത് തീര്‍ക്കാനുളള കടമാണ്. 86000 കോടി രൂപയാണ് റിലയന്‍സിന്‍റെ കടം.26800 കോടി രൂപയുടെ പലിശയാണ് കമ്പനി കൊടുത്ത് തീര്‍ക്കാനുളളത്.  .  ഇതിന് പുറമേ പെട്രോകെമിക്കല്‍ വ്യാപാരത്തില്‍ നിന്നുളള കമ്പനിയുടെ വരുമാനത്തില്‍ 6.64 ശതമാനം ഇടിവുണ്ടാവുകയും ചെയ്തു. ഈ സാമ്പത്തിക വര്ഷത്തിലെ ആദ്യ പാദത്തില്‍ 37611 കോടിയാണ് ഈയിനത്തില്‍ റിലയന്‍സിന്‍റെ വരുമാനം. ഉപഭോക്താക്കളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ജിയോയുടെ വരുമാനവും കുറവാണ്.ഈ പശ്ചാത്തലത്തില്‍ റിലയന്‍സ് ഓഹരികളുടെ ഗ്രേഡ് മികച്ച പ്രകടനം കാഴ്ച വെക്കാത്ത ഓഹരി എന്നാക്കി ക്രെഡിറ്റ് സ്യുസ്  കുറക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റിലയന്‍സ് ഓഹരി വില കുത്തനെ കുറഞ്ഞു ഇന്നലെ മാത്രം 3.48 ശതമാനം ഇടിവ് റിലയന്‍സ് ഓഹരികളിലുണ്ടായി. മെയ് മാസം മുതല്‍ ഇത് വരെയുളള നഷ്ടം 17.9 ശതമാനമാണ്.