നാലാം വർഷവും ലാഭം കൊയ്ത് എയർ ഇന്ത്യ എക്സ്പ്രസ്

തുടര്‍ച്ചയായ നാലാമത്തെ സാമ്പത്തിക വര്‍ഷവും ലാഭം കൈവരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 169 കോടി രൂപ ലാഭം നേടാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനായി. 

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ഉപ സ്ഥാപനമായ എയര്‍ ഇന്ത്യ എക്സ്പ്രസിന്‌റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 4202 കോടി രൂപയാണ്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍16.07 ശതമാനം വര്‍ധന കൈവരിക്കാന്‍ സാധിച്ചു. ലാഭം 169 കോടി രൂപ. എന്നാല്‍ തൊട്ടുമുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ 35.5 ശതമാനം കുറവുണ്ടായി. വ്യോമയാന മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് താരതമ്യേന കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ മികച്ച പ്രകടനം. വിമാന ഇന്ധന വില മാത്രം 35 ശതമാനമാണ് കഴിഞ്ഞ വര്‍ഷം കൂടിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 43.6 ലക്ഷം യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്ര ചെയ്തത്. കണ്ണൂര്‍,ബെംഗളൂരു,സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി സര്‍വീസ് വിപുലീകരിക്കാനും ഇക്കാലയളവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് സാധിച്ചു