ആദ്യ ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് സൈക്കിള്‍; കേരളത്തില്‍നിന്ന് വിപണിയിലേക്ക്

ഇന്ത്യന്‍ നിര്‍മിതവും മടക്കാവുന്നതുമായി ആദ്യ ഇലക്ട്രിക് സൈക്കിള്‍ കേരളത്തില്‍നിന്ന് വിപണിയിലേക്ക്. മികച്ച ഇന്ധനക്ഷമതയും സൈക്കിള്‍ സവാരിയുടെ രസവും ഒരുമിപ്പിച്ചാണ് ടെസ്‌ല ആല്‍ഫ വിപണി പിടിക്കാനെത്തുന്നത്.

ഇലക്ട്രിക് സ്കൂട്ടറുകളുടെ വിപണിയെ വെല്ലുവിളിച്ചുകൊണ്ട്, സൈക്കിളിന്‍റെ ഒതുക്കവും അതിലേറെ ഗുണങ്ങളുമായാണ് ടെസ്‌ല ആല്‍ഫയുടെ വരവ്. നാല്‍പത്തിയഞ്ച് കിലോമീറ്ററാണ് പരമാവധി വേഗം. ഒറ്റചാര്‍ജിങ്ങില്‍ നൂറുകിലോമീറ്റര്‍, രണ്ട് മണിക്കൂര്‍കൊണ്ട് ചാര്‍ജിങ്ങ്, ഊരിയെടുക്കാവുന്ന ബാറ്ററി എന്നിവയെല്ലാമാണ് പ്രത്യേകത. 

കൊച്ചിയിലെ കേരള സ്റ്റാര്‍ട്ട് അപ് മിഷനിലെ മേക്കര്‍ വില്ലേജിലാണ് ടെസ്‌ലയുടെ പിറവി. രണ്ട് മോഡലുകളില്‍ വിപണിയിലെത്തിക്കുന്ന ഇലക്ട്രിക് സൈക്കിളിന് മികച്ച വില്‍പനാനന്തര സേവനവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

മടക്കാവുന്ന സൈക്കിളായതിനാല്‍ മെട്രോയിലും കയറ്റാനാകും. ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ലാത്തതിനാല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ടെസ്‌ല ആല്‍ഫയുടെ ഗുണമാണ്.