രാഷ്ട്രീയ പരസ്യങ്ങളുടെ വിശദാംശങ്ങള്‍ പരസ്യമാക്കും; ഗൂഗിൾ

വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പരസ്യങ്ങളുടെ വിശദാംശങ്ങള്‍ പരസ്യമാക്കുമെന്ന് ഗൂഗിള്‍. ആരാണ് പരസ്യം നല്‍കുന്നത്, ചെലവഴിക്കുന്ന തുകയെത്ര തുടങ്ങിയ വിവരങ്ങള്‍ ഗൂഗിള്‍ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിടുമെന്നാണ് പ്രഖ്യാപനം. 

ഇടപാടുകളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്. ജി മെയില്‍ അടക്കമുള്ള വിവിധ ഗൂഗിള്‍ പ്ലാറ്റ്ഫോമുകളില്‍, പരസ്യം നല്‍കുന്നതാര്, പരസ്യത്തിനായി ചെലവാക്കിയ തുക തുടങ്ങിയ വിവരങ്ങള്‍ നല്‍കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇതിനായി ഇന്ത്യയ്ക്കുമാത്രമായുള്ള, രാഷ്ട്രീയ പരസ്യ സുതാര്യതാ റിപ്പോര്ട്ട് തയ്യാറാക്കും. ഉപയോക്താക്കള്‍ക്ക് സെര്‍ച്ച് ചെയ്യാവുന്ന തരത്തില്‍ രാഷ്ട്രീയ പരസ്യ ലൈബ്രറിയും തയ്യാറാക്കുമെന്ന് പ്രസ്താവനയില്‍ ഗൂഗിള്‍ അറിയിച്ചു. അടുത്ത മാര്‍ച്ചില്‍ ഇവ രണ്ടും പ്രവര്‍ത്തനക്ഷമമാകും. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഉപോയക്താക്കള്‍ക്ക് ലഭ്യമാക്കുക കൂടി ലക്ഷ്യമാണെന്ന് ഗൂഗിള്‍ പറയുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ സുതാര്യമാകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഗൂഗിളിന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.