കാര്യമായ തീരുമാനങ്ങളില്ല; ശക്തികാന്ത ദാസിന്റെ ആദ്യ ബോര്‍ഡ് യോഗം

ശക്തികാന്ത ദാസ് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള റിസര്‍വ് ബാങ്കിന്റ് ആദ്യ ബോര്‍ഡ് യോഗത്തില്‍ കാര്യമായ തീരുമാനങ്ങളുണ്ടായില്ല. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള തിരുത്തല്‍ നടപടിയില്‍ അയവുവരുത്തുമെന്നും കരുതിയിരുന്നു.  

ത്വരിത തിരുത്തല്‍ നടപടികള്‍ക്ക് വിധേയരായ പൊതുമേഖലാ ബാങ്കുകളുടെ അര്‍ധവാര്‍ഷിക ഫലങ്ങള്‍ ആര്‍ബിഐ ബോര്‍ഡ് യോഗം വിശകലനം ചെയ്തു. എന്നാല്‍ നടപടികള്‍ ഇളവുചെയ്യുന്ന കാര്യത്തില്‍ തീരുമാനമൊന്നും കൈക്കൊണ്ടില്ല.  ആകെയുള്ള 21 പൊതുമേഖലാ ബാങ്കുകളില്‍ പതിനൊന്നെണ്ണവും ആര്‍ബിഐയുടെ തിരുത്തല്‍ നടപടിക്ക്, അഥവാ പ്രോംപ്റ്റ് കറക്ടീവ് മെഷേഴ്സിന് വിധേയരാണ്. പിസിഎയ്ക്കു കീഴിലുള്ള ബാങ്കുകളുടെ മൂലധന പര്യാപ്തതയിലേക്ക് കൂടുതല്‍ പണം മുടക്കേണ്ടതുണ്ടോയെന്ന കാര്യവും ബോര്‍ഡ് പരിഗണിച്ചു. 

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ പണലഭ്യതയെക്കുറിച്ചും വിശദമായിത്തന്നെ ചര്‍ച്ച ചെയ്തു. ജനുവരിയിലെ അടുത്ത യോഗത്തില്‍ സ്ഥിതി വീണ്ടും വിലയിരുത്താമെന്നാണ് ധാരണയിലെത്തിയത്. കേന്ദ്ര ബജറ്റിന്റെ തീയതി അനുസരിച്ച് ജനുവരിയിലെ യോഗം എന്നാണെന്ന് തീരുമാനിക്കും. പൊതുമേഖലാ ബാങ്കുകളുടെ ത്വരിത തിരുത്തല്‍ നടപടികളുടെ വിശകലന റിപ്പോര്‍ട്ട്  ബോര്‍ഡ് ഫോര്‍ ഫിനാന്‍ഷ്യല്‍ സൂപ്പര്‍ വിഷന്‍ പാനല്‍ ഈ യോഗത്തില്‍ സമര്‍പ്പിക്കും.