ബാബാ രാംദേവിന് തലവേദനയായി സ്വന്തം ആപ്പ്; കിംഭോയ്ക്ക് എതിരെ പരാതി പ്രളയം

വമ്പൻമാരായ വാട്സാപ്പിനെ വെല്ലുവിളിച്ച ബാബാ രാംദേവ് അവതരിപ്പിച്ച കിംഭോ ആപ്പിന് പ്ലേസ്റ്റോറിൽ പരാതി പ്രളയം. ഔദ്യോഗികമായി ലോഞ്ച് ചെയ്യാതെ പ്ലേസ്റ്റോറിൽ പരീക്ഷണത്തിനായി ആപ്പ് പുറത്തിറക്കിയെങ്കിലും നിരവധി ഹാക്കർമാർ ആപ്പിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് തുടരുകയാണ്.

എല്ലാം പ്രശ്നങ്ങളും പരിഹരിച്ച ആപ്പ് ഓഗസ്റ്റ് 27 ന് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. കിംഭോ ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് തീയതി പിന്നീട് അറിയിക്കുമെന്നാണ് പതഞ്ജലി വക്താവ് ആചാര്യ ബാലകൃഷ്ണ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ആചാര്യ ബാലകൃഷ്ണ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കിംഭോ എന്നു പേരിട്ട മെസേജിങ് ആപ്പ് കഴിഞ്ഞ മേയിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലോഞ്ച് ചെയ്തത്. എന്നാൽ അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ കിംഭോ ആപ്പ് ഹാക്കർമാർ പൂട്ടിക്കുകയായിരുന്നു. Kimbho - Secure and Fast എന്ന പേരിലുള്ള ആപ്പ് പതഞ്ജലി കമ്മ്യൂണിക്കേഷൻസ് എന്ന അക്കൗണ്ട് വഴിയാണ് അപ്‌ലോഡ് ചെയ്തിരുന്നത്.

സ്വദേശി സമൃദ്ധി എന്ന പേരിൽ പുറത്തിറക്കുന്ന സിം കാർഡുകൾക്കു പിന്നാലെയാണ് പതഞ്ജലി സ്വദേശി മെസേജിങ് ആപ്പും അവതരിപ്പിച്ചത്. സ്വദേശി സമൃദ്ധിക്കു ശേഷം അവതരിപ്പിച്ച കിംഭോ വാട്സാപ്പിനു വെല്ലുവിളിയാകുമെന്നാണ് പതഞ്ജലി വക്താവ് എസ്.കെ. തിജർവാല ട്വീറ്റ് ചെയ്തിരുന്നത്.

സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകൾ, സൗജന്യ വോയ്സ്, വിഡിയോ കോളുകൾ, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങൾ, വിഡിയോ, സ്റ്റിക്കറുകൾ തുടങ്ങിയവ പങ്കുവയ്ക്കുന്നതടക്കം ധാരാളം ഫീച്ചറുകൾ കിംഭോയിലുണ്ട്. എന്നാൽ കിംഭോ ഔദ്യോഗികമായി ലോഞ്ച് ചെയ്തതിന് ശേഷം പരിശോധിക്കാമെന്നാണ് മറ്റു ചില ഹാക്കർമാരുടെ പക്ഷം.

കിംഭോ വൻ ദുരന്തമാണെന്ന് ടെക് വിദഗ്ധർ അഭിപ്രായപ്പെട്ടത്‍. ഹാക്കറായ എലിയറ്റ് ആൻഡേഴ്സൺ രൂക്ഷമായ ആരോപണങ്ങളാണ് കിംഭോ ആപ്പിനെതിരെ ഉന്നയിച്ചിരുന്നത്. ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കിംഭോ ആപ്പ് ഉപയോഗിക്കുന്ന എല്ലാവരുടെയും മെസേജുകളും വിഡിയോയും തനിക്ക് കാണാൻ സാധിക്കുമെന്നും എലിയറ്റ് തെളിയിച്ചിരുന്നു.