കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസിന് തയാർ: എയർ ഇന്ത്യ

കരിപ്പൂര്‍ വഴി വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തയാറാണന്ന് അറിയിച്ച് എയര്‍ഇന്ത്യ. വിമാനത്താവളത്തിലെത്തിയ എയര്‍ഇന്ത്യയുടെ സാങ്കേതി വിദഗ്ധരുടെ സംഘം പരിശോധനക്ക് ശേഷം എയര്‍പോര്‍ട്ട് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. 

മറ്റു വിമാനകമ്പനികള്‍ക്ക് പിന്നാലെയാണ് എയര്‍ഇന്ത്യയുടെ വിദഗ്ധസമിതി കരിപ്പൂരിലെത്തി പരിശോധന പൂര്‍ത്തിയാക്കിയത്. റണ്‍വേയും റിസയുമാണ് പരിശോധിച്ചത്. പുനര്‍നിമാണത്തിന് ശേഷം വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് ആരംഭിക്കാന്‍ റണ്‍വേ യോഗ്യമാണന്ന് സംഘം വിലയിരുത്തി. സൗദി അറേബ്യ, യു.എ.ഇ സെക്ടറുകളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കാനാണ് എയര്‍ഇന്ത്യ താല്‍പര്യം അറിയിച്ചത്. ഡി.ജി.സി.എയുടെ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

പല വിദേശ വിമാനകമ്പനികളും കരിപ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതിന് താല്‍പര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. മറ്റു കമ്പനികളും വരും ദിവസങ്ങളില്‍ കരിപ്പൂരില്‍ പരിശോധനക്കെത്തുന്നുണ്ട്. വലിയ വിമാനങ്ങള്‍ക്ക് അനുമതിയാവുന്നതോടെ രണ്ടു ഡസനോളം പുതിയ സര്‍വീസുകള്‍ കരിപ്പൂര്‍ വഴി ആരംഭിക്കുമെന്നാണ് പ്രതീക്ഷ.