രാഷ്ട്രീയ പരസ്യം; ട്രംപിനെ കഴിഞ്ഞേ മറ്റാരുമുള്ളൂ

ഫെയ്സ്ബുക്കില്‍ ഏറ്റവുമധികം രാഷ്ട്രീയ പരസ്യം നല്‍കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്നതും ട്രംപിന്റെ പരസ്യം തന്നെ. 

ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മേയ് മാസത്തിനുശേഷം ട്രംപും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയും ചേർ‌ന്ന് രണ്ടുലക്ഷത്തി എഴുപത്തിനാലായിരം ഡോളറാണ് ഫെയ്സ്ബുക്ക് പരസ്യത്തിനായി ചെലവഴിച്ചത്. ഏകദേശം ഒരു കോടി 90 ലക്ഷം രൂപ. മൂന്നുകോടി എഴുപത് ലക്ഷം പേര്‍ ഈ പരസ്യങ്ങള്‍ കാണുകയും ചെയ്തു. രണ്ടാംസ്ഥാനത്തെത്തിയ പ്ലാന്‍ഡ് പാരെന്റ്ഹുഡ് ഫെഡറേഷന്‍ ഓഫ് അമേരിക്ക, പക്ഷെ ഏറെ പിന്നിലാണ്. അവര്‍ ചെലവഴിച്ചത് ഒരു ലക്ഷത്തി എണ്‍പത്തെണ്ണായിരം ഡോളര്‍. പരസ്യം കണ്ടതാകട്ടെ രണ്ടുലക്ഷത്തി നാല്‍പതിനായിരം പേരും. 

രാഷ്ട്രീയം പരാമര്‍ശിക്കുന്ന രണ്ടുലക്ഷത്തി അറുപത്തിയേഴായിരം പരസ്യങ്ങളാണ് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകരുടെ ടീം പരിശോധിച്ചത്. മുന്‍പന്തിയിലെത്തിയ 449 രാഷ്ട്രീയ പരസ്യദാതാക്കളില്‍ 124 എണ്ണം വലതുപക്ഷത്തിന്റേതും 210 എണ്ണം ഇടതുപക്ഷത്തന്റേതും  115 എണ്ണം പക്ഷപാതമില്ലാത്ത ഗ്രൂപ്പുകളുടേതുമാണ്. സുതാര്യത വര്‍ധിപ്പിക്കാനായി ഫെയ്സ്ബുക്ക് നടപ്പാക്കിയ പബ്ലിക് ആര്‍ക്കൈവ് സംവിധാനത്തിലൂടെയാണ് പഠനം നടത്തിയത്.