ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍ മലയാളി യുവാക്കള്‍ ജേതാക്കള്‍

യു.എസിലെ സിംഗുലാരിറ്റി യൂണിവേഴ്സിറ്റിയുടെ ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍ മലയാളി യുവാക്കള്‍ ജേതാക്കള്‍. തിരുവനന്തപുരത്തുള്ള യുവാക്കളുടെ കൂട്ടായ്മയായ അജ്നയുടെ വനനശീകരണം തടയാനുള്ള പ്രോജക്ടിനാണ് പുരസ്കാരം. ജേതാക്കള്‍ക്ക് ധനസഹായവും അമേരിക്കയില്‍ നടക്കുന്ന ഇന്‍ക്യുബേഷന്‍ ക്യാംപില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

ആറു ദിവസം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 24 എതിരാളികള്‍. പത്തുലക്ഷം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രോജക്ട് എന്ന വെല്ലുവിളി. കടുപ്പമേറിയ മല്‍സരത്തിനൊടുവില്‍ അജ്ന ജേതാക്കളായി. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വനനശീകരണം തടയാനുള്ള പ്രോജക്ടിനാണ് അംഗീകാരം.

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാനുതകുന്ന ഉപകരണം അവതരിപ്പിച്ച ഡല്‍ഹിയില്‍ നിന്നുള്ള ബ്രൂണ്‍ ഹെല്‍ത്തും അജ്നയ്ക്കൊപ്പം പുരസ്കാരം പങ്കിട്ടു. ലോകം നേരിടുന്ന വെല്ലുവിളികള്‍ സാങ്കേതികവിദ്യഉപയോഗിച്ച് പരിഹരിക്കാന്‍ ശ്രമിക്കുന്ന ആഗോള കൂട്ടായ്മയാണ് സിംഗുലാരിറ്റി യൂണിവേഴ്സിറ്റി. ടെക്നോപാര്‍ക്ക് പാര്‍ക്ക് സെന്ററില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പങ്കാളത്തത്തോടെയാണ് മല്‍സരം നടന്നത്.