നിലവിലെ ജോലിയില്‍ സംതൃപ്തന്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറാകാനില്ലെന്ന് രഘുറാം രാജന്‍

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ ഗവര്‍ണറായി വരുമെന്ന വാര്‍ത്ത നിഷേധിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. അടുത്ത വര്‍ഷം ഒഴിവു വരുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2019 ജൂണ്‍ അവസാനത്തേടെ  ഗവര്‍ണര്‍ സ്ഥാനമൊഴിയുന്ന മാര്‍ക്ക് കര്‍ണിയുടെ പിന്‍ഗാമിയായി രഘുറാം രാജന്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

'എനിക്ക് ഇപ്പോള്‍ ചിക്കാഗോ സര്‍വകലാശാലയില്‍ നല്ലൊരു തൊഴില്‍ ഉണ്ട്‍. അധ്യാപനമാണ് തന്‍റെ മേഖല, പ്രഫഷനല്‍ ബാങ്കറല്ല. ഇപ്പോഴത്തെ ജോലിയില്‍ സന്തോഷവാനാണ്. മറ്റൊരു തൊഴിലിനും അപേക്ഷിച്ചിട്ടില്ല. 'മാധ്യമപ്രവര്‍ത്തകരോട് രാജന്‍ വ്യക്തമാക്കി. രാജ്യാന്തര നാണയനിധിയില്‍ ചീഫ് ഇക്കണോമിസ്റ്റായിരുന്ന രാജന്‍ 2007–2008 കാലഘട്ടത്തിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്‍കൂട്ടി പ്രവചിച്ചിരുന്നു. 2013 മുതല്‍ 2016 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണറായും രഘുറാം രാജന്‍ പ്രവര്‍ത്തിച്ചിരുന്നു