യുകെയിൽ മൂവായിരം കോടിയുടെ നിക്ഷേപം നടത്തി ലുലു ഗ്രൂപ്പ്

യു.കെയില്‍ മൂവായിരംകോടിരൂപയുടെ നിക്ഷേപം നടത്തി ലുലു ഗ്രൂപ്പ്. ലണ്ടനിലെ സ്കോട്‌ലന്‍ഡ് യാര്‍ഡ് പഞ്ചനക്ഷത്ര ഹോട്ടല്‍ നവംബറില്‍ ഉദ്ഘാടനം ചെയ്യുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി മനോരമ ന്യൂസിനോട് പറഞ്ഞു. 

യു.കെയില്‍ വന്‍നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ് തുടക്കമിട്ടിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റുകളുടെ യൂറോപ്പിൽ നിന്നുള്ള വിതരണശൃംഖല വിപുലപ്പെടുത്തുന്നതിനായി പുതിയ ലോജിസ്റ്റിക്സ് ഹബ്ബിന് 150 കോടി രൂപ മുതൽ മുടക്കും. ബർമിംഗ്ഹാമിലെ ആസ്റ്റണിലാണ് പുതിയ കേന്ദ്രം നിർമിക്കുന്നതെന്നും നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ലണ്ടനിൽ നടന്ന ഇന്ത്യ യു.കെ. സി.ഇ.ഒ. ഫോറത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന പുതിയ കേന്ദ്രത്തിൽ ബ്രിട്ടനിൽ നിന്നും മറ്റുമുള്ള പതിനായിരത്തിൽപരം ഉൽപ്പന്നങ്ങൾ സംഭരിച്ച് വിവിധ രാജ്യങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലെത്തിക്കാൻ സാധിക്കും. 

സ്കോട്‌ലന്‍ഡ് യാർഡ് പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ ഉദ്‌ഘാടനം നവംബറിൽ നടക്കും. 1829 മുതല്‍ 1890വരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന്‍റെ ആസ്ഥാനമായിരുന്നു സ്കോട്‌ലന്‍ഡ് യാര്‍ഡ് മന്ദിരം. നിലവിൽ 512 ബ്രിട്ടീഷുകാർക്ക് ജോലി നൽകിയിട്ടുണ്ട്. ഹോട്ടല്‍ അടക്കം പ്രവർത്തനം തുടങ്ങുന്നതോടെ ആയിരംപേർക്ക് നിയമനം നൽകാൻ കഴിയുമെന്നും എം.എ.യൂസഫലി പറഞ്ഞു.