ഫോളോ ഓണ്‍ പബ്ലിക്ക് ഓഫറുമായി വോഡാഫോണ്‍–ഐഡിയ; 10 രൂപ നിരക്കില്‍ ഓഹരികള്‍ വാങ്ങാം

vodafone-idea-fpo
SHARE

18,000 കോടി രൂപ സമാഹരിക്കാനുള്ള വോഡാഫോണ്‍– ഐഡിയയുടെ ഫോളോ ഓണ്‍ പബ്ലിക്ക് ഓഫര്‍ (എഫ്പിഒ) ഏപ്രില്‍ 18 ന് ആരംഭിക്കും. 10-11 രൂപ നിരക്കിലാണ് എഫ്പിഒയ്ക്കുള്ള ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 21 വരെ നിക്ഷേപകര്‍ക്ക് എഫ്പിഒയ്ക്ക് അപേക്ഷിക്കാം. വെള്ളിയാഴ്ച 13.15 രൂപ നിരക്കില്‍ ക്ലോസ് ചെയ്ത ഓഹരി 16 ശതമാനം ഡിസ്ക്കൗണ്ടിലാണ് എഫ്പിഒ വഴി ലഭ്യമാകുക. 

ലിസ്റ്റ് ചെയ്ത കമ്പനികള്‍ നിക്ഷേപകരില്‍ നിന്ന് ധനസമാഹരണം നടത്തുന്ന രീതിയാണ് ഫോളോ ഓണ്‍ പബ്ലിക്ക് ഓഫര്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് എഫ്പിഒ വഴി വോഡാഫോണ്‍–ഐഡിയയുടെ ലക്ഷ്യം. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 1,298 ഓഹരികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രൈസ് ബാന്‍ഡായ 10 രൂപയില്‍ 12,980 രൂപയും ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ 14,278 രൂപയാണ് എഫ്പിഒയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യം. 

ഏപ്രില്‍ 27 ന് കമ്പനി ബോര്‍ഡ് 20,000 കോടി രൂപ ഇക്വിറ്റി വഴി സമാഹരിക്കാന്‍ അംഗീകാരം നല്‍കിയിരുന്നു. ഈയിടെ പ്രിഫറന്‍ഷ്യല്‍ ഓഹരി വഴി  പ്രമോട്ടര്‍ ഗ്രൂപ്പായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ഒറീയാന ഇന്‍വെസ്റ്റ്മെന്‍റ് വഴി കമ്പനി 2,075 കോടി രൂപ സമാഹരിച്ചിരുന്നു. ഓഹരിയൊന്നിന് 14.87 രൂപ നിരക്കിലായിരുന്നു പ്രിഫറന്‍ഷ്യല്‍ ഓഹരി അനുവദിച്ചത്. 

20,000 കോടി രൂപയുടെ ഇക്വിറ്റി സമാഹരണത്തോടൊപ്പം വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയിലൂടെയും കമ്പനി ധനസമാഹരണത്തിന് ഒരുങ്ങുന്നുണ്ട്. ആകെ 45,000 കോടി രൂപ ഇത്തരത്തില്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ധനസമാഹരണം വഴി ആറ് മുതൽ ഏഴ് മാസത്തിനുള്ളിൽ 5ജി നെറ്റ്‌വർക്ക് സേവനം വേഗത്തിലാക്കാനും 4ജി കവറേജ് വിപുലീകരിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്. 

കടുത്ത മല്‍സരം നേരിടുന്ന ടെലികോം മേഖലയില്‍ വോഡാഫോണ്‍ ഐഡിയയ്ക്ക് തുടര്‍ച്ചയായി വരിക്കാരെ നഷ്ടപ്പെടുകയാണ്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം വോഡാഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം 1 ദശലക്ഷം കുറഞഞ് 220.5 മില്യണായിരുന്നു. 2023 മാര്‍ച്ച് 31 നുള്ള കണക്ക് പ്രകാരം 2.15 ട്രില്യണ്‍ രൂപയാണ് കമ്പനിയുടെ ആകെ കടം. സ്പെക്ട്രം ലഭിച്ച വകയില്‍ സര്‍ക്കാറിലേക്ക് അടക്കാനുള്ള തുക അടക്കമാണിത്.  

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ എഫ്പിഒയാണ് വോഡാഫോണ്‍–ഐഡിയയുടേത് എന്നാണ് റിപ്പോര്‍ട്ട്. 15,000 കോടിയുടെ യെസ് ബാങ്ക് എഫ്പിഒയാണ് രണ്ടാമത്. 20,000 കോടി രൂപയുടെ എഫ്പിഒയ്ക്ക് അദാനി എന്‍റര്‍പ്രൈസ് ഒരുങ്ങിയിരുന്നെങ്കിലും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ പിന്മാറുകയായിരുന്നു. വെള്ളിയാഴ്ച വോഡാഫോണ്‍ ഐഡിയ ഓഹരികള്‍ നാല് ശതമാനം ഇടിഞ്ഞ് 12.20 രൂപയിലേക്ക് എത്തിയിരുന്നു. തിരിച്ചുവരവ് നടത്തി 13.15 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. 

MORE IN BUSINESS
SHOW MORE