വിലക്കയറ്റം രൂക്ഷം; പ്രതിസന്ധിയിൽ നിർമാണമേഖല

നിര്‍മാണമേഖലയില്‍ വിലക്കയറ്റം രൂക്ഷം. പുതുവര്‍ഷത്തില്‍ സിമന്റ് വില ചാക്കിന് 15 രൂപ കൂടി. വിലക്കയറ്റത്തിനൊപ്പം കരിങ്കല്‍, മെറ്റല്‍ ക്ഷാമവും രൂക്ഷമായതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്ന സ്ഥിതിയാണ്. സ്ക്വയര്‍ഫീറ്റിന് 150 രൂപവരെ നിര്‍മാണചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെട്ടിടനിര്‍മാതാക്കളുടെ സംഘടനയായ ക്രഡായ് ആവശ്യപ്പെട്ടു. 

ഡിസംബറില്‍ സംഘടിതമായി വില ഉയര്‍ത്തിയതിന് പിന്നാലെയാണ് സിമന്റ് കമ്പനികള്‍ പുതുവര്‍ഷത്തിലും വിലകൂട്ടിയത്. ചാക്കിന് 15 രൂപവരെയാണ് വിലവര്‍ധന. വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. 

കഴിഞ്ഞ ആറുമാസമായി നിര്‍മാണസാമഗ്രികളുടെയെല്ലാം വില കുത്തനെ മുകളിലേക്കാണ്. എം സാന്‍ഡിന് 14 രൂപയും മെറ്റലിന് 10 രൂപയും ഹോളോബ്രിക്സിന് 8 രൂപവരെയും കൂടി. കമ്പി വില ഒരു മാസം കൊണ്ട് കിലോയ്ക്ക് 10 മുതല്‍ 15 രൂപവരെ കൂടി. ചെറുകിട ക്വാറികള്‍ പരിസ്ഥിതിഅനുമതി കിട്ടാതെ പൂട്ടിയതോടെ പാറ, മെറ്റല്‍ ക്ഷാമവും രൂക്ഷം. 

സംസ്ഥാനതലത്തില്‍ വിലനിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും ക്രഡായ് ആവശ്യപ്പെടുന്നു.