ഇന്റർനെറ്റ് വേഗതയിൽ കിതച്ച് ഇന്ത്യ; നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നില്‍

ഇന്റ്‍ർനെറ്റ് വേഗതയിൽ ഇന്ത്യ നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നില്‍. യുഎസും യുകെയും ഉൾപ്പെടെയുള്ള വൻകിടക്കാർ മാത്രമല്ല സാമ്പത്തിക സാമൂഹിക പുരോഗതിയിൽ ഇന്ത്യയ്ക്കു പിന്നിലുള്ള ചെറു രാജ്യങ്ങളിൽപോലും ഇന്റർനെറ്റിന് ഇവിടുത്തേക്കാൾ വേഗതയുണ്ട്.  സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സ് പുറത്തുവിട്ട കണക്കു പ്രകരം ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ 109-ാം സ്ഥാനത്താണ്. നേപ്പാൾ 99ാം സ്ഥാനത്തും ശ്രീലങ്ക 107ാം സ്ഥാനത്തുമാണ്.

ഈ വര്‍ഷം ആദ്യം ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് സ്പീഡ് 7.65 എംബിപിഎസ് ആയിരുന്നു. നവംബറില്‍ ഇത് 8.80 എംബിപിഎസ് ആയി. കേവലം 15 ശതമാനത്തിന്റെ വര്‍ധനവ്. ഇന്റര്‍നെറ്റ് വേഗതയില്‍ നോര്‍വേയാണ് ഒന്നാം സ്ഥാനത്ത്. 62.66 എംബിപിഎസ് ആണ് നോര്‍വേയിലെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത. 53.01 എംബിപിഎസ് ശരാശരി േവഗതയുള്ള നെതർലൻഡ്സ് രണ്ടാമതും 52.78 വേഗതയുള്ള ഐസ്‌ലൻഡ് മൂന്നാമതുമാണ്. 

ഫിക്സഡ് ബ്രോഡ്ബാന്റ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ 78ാം സ്ഥാനത്താണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡില്‍ 153.85 എംബിപിഎസ് വേഗതയുമായി സിംഗപ്പൂരാണ് മുന്നില്‍. 147.51 വേഗതയുള്ള  ഐസ്‌ലൻഡാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് വേഗത 18.82 എംബിപിഎസ് മാത്രമാണ്.