ഡിലീറ്റ് ചെയ്ത വാട്സാപ് സന്ദേശങ്ങൾ ഇനി വായിക്കാം

സ‍്മാർട്ഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ വാട്സാപ്പിന്റെ ഓരോ പതിപ്പിലും പുതിയ ഫീച്ചറുകളാണ‍് പുറത്തുവരുന്നത്. ഏറ്റവും പുതിയതായി വന്ന ഫീച്ചാണ് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. എന്നാൽ നീക്കം ചെയ്ത വാട്സാപ് സന്ദേശങ്ങൾ കണ്ടെത്തി വീണ്ടും വായിക്കാമെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. 

വാട്സാപ് സന്ദേശങ്ങൾ അയച്ചുകഴിഞ്ഞും പിൻവലിക്കാനുള്ള പുതിയ സംവിധാനത്തെ പൊളിച്ചടുക്കി പുതിയ മൊബൈൽ ആപ്. അയച്ചയാൾ ഡിലീറ്റ് ചെയ്താലും സ്വീകർത്താവിനെ സന്ദേശം വായിക്കാൻ സഹായിക്കുന്ന ആപ്പിന്റെ വിവരങ്ങൾ സ്പാനിഷ് ആൻഡ്രോയ്ഡ് ബ്ലോഗായ ‘ആൻഡ്രോയ് ജെഫെ’ ആണു റിപ്പോർട്ട് ചെയ്തത്.

ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിലാണ് ഇതു സാധ്യമാവുക. വാട്സാപ് സന്ദേശം സ്വീകർത്താവിനു ലഭിക്കുമ്പോൾ മൊബൈൽ ഫോണിന്റെ നോട്ടിഫിക്കേഷൻ റജിസ്റ്ററിലാണ് ആദ്യമെത്തുക. അയച്ചയാൾ സന്ദേശം പിൻവലിക്കുമ്പോൾ വാട്സാപ്പിൽനിന്ന് ഇത് അപ്രത്യക്ഷമാവുമെങ്കിലും നോട്ടിഫിക്കേഷൻ റജിസ്റ്ററിലുണ്ടാവും. അവിടെനിന്ന് ഈ മെസേജ് വീണ്ടെടുക്കാൻ സാധിക്കുന്ന മൊബൈൽ ആപ് ആണിപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. Notification History എന്ന മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം.