ചൂട് 'തണുപ്പിക്കാന്‍' കുടി കൂട്ടി മലയാളി; വിറ്റത് 132 കോടിയുടെ അധിക മദ്യം

സംസ്ഥാനത്ത്  ചൂടു കൂടിയപ്പോള്‍ കുടിയും കൂടി. രണ്ടുമാസം കൊണ്ടു കഴിഞ്ഞ വര്‍ഷത്തേക്കാള്‍  132 കോടിയുടെ  അധിക മദ്യമാണ് ഈ വേനലില്‍ വിറ്റത്. എന്നാല്‍ ബിയറിനോടുള്ള താല്‍പര്യം തീരെ കുറഞ്ഞു. ഉഷ്ണം ഉഷ്ണേന ശാന്തിയെന്ന ചൊല്ലു പോലെ പൊള്ളുന്ന ചൂടിലും ഹോട്ടിനോടാണ് താല്‍പര്യമെന്നു കണക്കുകള്‍ വ്യക്തമാകുന്നു. ചൂടു കൂടിയതോടെ കച്ചവടവും പൊടിപൊടിച്ചപ്പോള്‍  വരുമാനത്തില്‍  ബവ്റിജ്സ് കോര്‍പറേഷനും നികുതിയിനത്തില്‍ സര്‍ക്കാരിനും കോളടിച്ചു.

മാര്‍ച്ചില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 53 കോടി രൂപയുടെ മദ്യം അധികം വിറ്റപ്പോള്‍ ഏപ്രിലില്‍ ഒരു പടി കൂടി കടന്ന് ഇതു 79 കോടിയുടേതായി. കഴിഞ്ഞ തവണ മാര്‍ച്ചില്‍ വിറ്റത് 1384 കോടിയുടേതാണെങ്കില്‍ ഇത്തവണയത് 1453 കോടി രൂപയുടേത് . കഴിഞ്ഞ ഏപ്രിലില്‍ 1387 കോടിയുടെ മദ്യം വിറ്റ സ്ഥാനത്ത് ഇത്തവണയത് 1467 കോടിയുടേതാണ് മാറി. എന്നാല്‍ ബിയറിന്‍റെ കാര്യത്തില്‍ താല്‍പര്യം കുറഞ്ഞെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 

170 കോടി രൂപയുടെ ബിയറാണ് കഴിഞ്ഞ മാര്‍ച്ചില്‍ വിറ്റതെങ്കില്‍ ഇത്തവണ155 കോടി രൂപയുടേതായി കുറഞ്ഞു. കഴിഞ്ഞ ഏപ്രിലിലും ഈ ഏപ്രിലിലും ബിയര്‍ വരുമാനം ഒരു പോലെ . 165 കോടി രൂപയുടെ ബിയറാണ് ഏപ്രിലില്‍ വിറ്റത്.

Liquor consumption increased in Kerala,during summer