പത്മജയില്‍ ‘സന്തോഷിച്ച്’ സിപിഎം; ന്യൂനപക്ഷ വോട്ടില്‍ കണ്ണെറിഞ്ഞ് നീക്കം

കെ.കരുണാകരന്‍റെ മകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് തിരഞ്ഞെടുപ്പില്‍ ആയുധമാക്കി സി.പി.എം. ന്യൂനപക്ഷ വോട്ടുകളെ വന്‍തോതില്‍ സ്വാധീനിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വ നിലപാടാണ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകാന്‍ കാരണമെന്ന് എം.വി.ഗോവിന്ദന്‍ ആരോപിച്ചു.

പത്മജ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ കെ.സുരേന്ദ്രനെക്കാള്‍ സന്തോഷം എം.വി.ഗോവിന്ദനാണ്. ഇന്നത്തെ കോണ്‍ഗ്രസ് നാളെത്തെ ബി.ജെ.പി എന്ന പ്രചാരണത്തെ സാധൂകരിക്കാന്‍ കിട്ടിയ ഏറ്റവും ശക്തമായ ഉദാഹരണമായി പത്മജ. മുമ്പു തന്നെ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ബി.ജെ.പി ബന്ധമെന്ന ആരോപണം സി.പി.എം ഉന്നയിച്ചിട്ടുണ്ട്. എ.കെ.ആന്‍റണിയുടെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിലും വലിയ ആഘാതം പത്മജ വേണുഗോപാല്‍ താമര കയ്യിലേന്തുമ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടാകും.  തൃശൂരില്‍ മാത്രമല്ല, വടകരയുള്‍പ്പടെ മറ്റ് മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസിന് പത്മജ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സി.പി.എം പ്രതീക്ഷ.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഈ പ്രചാരണം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എമ്മും ഇടതുമുന്നണിയും. നാളെ ചേരുന്ന ഇടതുമുന്നണി യോഗം ഇത് പ്രയോജനപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും.

Padmaja Venugopal bjp cpm Lok sabha election