പി.എം.എ.സലാം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി തുടരും

മുസ്‍ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറിയായി പി.എം.എ സലാം തുടരും. ഒരുവിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ മറികടന്നാണ് തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും പിന്തുണയോടെ സലാമിനെ നിലനിര്‍ത്തിയത്. 24 ഭാരവാഹികളെയും 7 സ്ഥിരം ക്ഷണിതാക്കളടക്കം 33 അംഗ സെക്രട്ടറിയേറ്റിനെയും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുത്തു.

എം.കെ.മുനീറിനെ മുന്നില്‍ നിര്‍ത്തി കെ.എം.ഷാജിയടക്കമുള്ള ഒരുവിഭാഗം നേതാക്കള്‍ നടത്തിയ നീക്കത്തെ മറികടന്നാണ് പി.എം.എ.സലാമിന്റെ രണ്ടാമൂഴം. അഞ്ച് വര്‍ഷമിപ്പുറം നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ സമവാക്യങ്ങള്‍ മാറിമറിയുമെന്ന് സൂചന ശക്തമായിരുന്നെങ്കിലും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച പിന്തുണ സലാമിന് ഗുണകരമായി. സംസ്ഥാന കൗണ്‍സിലിന് മുന്‍പായി ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതിയില്‍ സലാം തുടരട്ടെ എന്ന നിലപാടാണ് സാദിഖലി തങ്ങള്‍ ഉള്‍പ്പടെ സ്വീകരിച്ചത്. സാദിഖലി തങ്ങള്‍ പ്രസിഡന്റായ പുതിയ കമ്മിറ്റിയില്‍ ട്രഷററായി സി.ടി.അഹമ്മദ് അലി തുടരും. തീരുമാനങ്ങളെല്ലാം ഒറ്റക്കെട്ടായെന്ന് പി.എം.എ.സലാം.

മൂന്ന് വനിതകളെയാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗമായ എം.കെ.മുനീര്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒതുങ്ങി. ലീഗിലെ അധികാരകേന്ദ്രം കുഞ്ഞാലിക്കുട്ടി തന്നെയെന്ന് തെളിയിക്കുന്നതായി സലാമിന്റെ സ്ഥാനത്തുടര്‍ച്ച.  

PMA Salam continue to be Muslim League General Secretary