തുടരുന്ന ഗില്ലാട്ടം; ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം, പരമ്പര

Shubman Gill

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി20യിൽ ബാറ്റർമാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്കു 168 റണ്‍സിന്റെ ജയവും പരമ്പരയും. ആദ്യ ട്വന്റി20 സെഞ്ചറിയുമായി കളം നിറഞ്ഞ ശുഭ്മാൻ ഗില്ലിന്റെ മികവില്‍ ഇന്ത്യ കൂറ്റൻ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.  20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് ഇന്ത്യ നേടിയത്. ലക്ഷ്യം പിന്തുടര്‍ന്ന കിവീസിനു തുടക്കം മുതല്‍ തകര്‍ച്ച നേരിട്ടു. മിച്ചലും സാന്റ്നറും മാത്രമാണ് രണ്ടക്കം കടന്നത്. ഒരാളെപ്പോലും ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. 66 റണ്‍സിനു എല്ലാവരും പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ നാലും അര്‍ഷ്ദീപ് സിങ്ങും, ശിവം മവിയും ഉമര്‍ മാലിക്കും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ജയത്തോടെ  ലോകറാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി . 

സെഞ്ചറി നേടി പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മാൻ ഗിൽ (63 പന്തിൽ 126*), രാഹുൽ ത്രിപാഠി (22 പന്തിൽ 44), സൂര്യകുമാർ യാദവ് (13 പന്തിൽ 24), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (17 പന്തിൽ 30) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ശുഭ്മാൻ ഗില്ലിന്റെ ആദ്യ ട്വന്റി20 സെഞ്ചറിയാണ് കിവീസിനെതിരെ നേടിയത്. രാജ്യാന്തര കരിയറിലെ ആറാം സെഞ്ചറിയും. ഇതോടെ മൂന്നു ഫോർമാറ്റിലും സെഞ്ചറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമായി ഗിൽ. സുരേഷ് റെയ്ന, രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി എന്നിവരാണ് മറ്റു നാല് പേർ.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫോം കണ്ടെത്താൻ വിഷമിച്ച ഓപ്പണർ ഇഷാൻ കിഷൻ (2 പന്തിൽ 3) രണ്ടാം ഓവറിൽ തന്നെ പുറത്തായി. രണ്ടാം വിക്കറ്റിൽ ഒരുമിച്ച ഗില്ലും രാഹുൽ ത്രിപാഠിയുമാണ് ഇന്ത്യൻ ഇന്നിങ്സിന് ജീവവായു പകർന്നത്. ഇരുവരും ചേർന്ന് 80 റണ്‍സാണ് കൂട്ടിച്ചേർത്തത്.ഒൻപതാം ഓവറിൽ, ത്രിപാഠിയെ പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 22 പന്തിൽ 3 സിക്സും 4 ഫോറും അടങ്ങിയതായിരുന്നു രാഹുൽ ത്രിപാഠിയുടെ ഇന്നിങ്സ്. പിന്നീടെത്തിയ സൂര്യകുമാർ യാദവും വെടിക്കെട്ട് തുടർന്നു. 13–ാം ഓവറിൽ ടിക്നർ സൂര്യയെ പുറത്താക്കി. അഞ്ചാമനതായി ഇറങ്ങിയ ക്യാപ്റ്റൻ ഹാർദിക്കും ‘വെടിക്കെട്ട് നയം’ തുടർന്നതോടെ ഇന്ത്യൻ സ്കോർ ബോർഡ് കുതിച്ചു. അവസാനം ഓവറിലാണ് ഹാർദിക് പുറത്തായത്. ദീപക് ഹൂഡ (2 പന്തിൽ 2*) പുറത്താകാതെ നിന്നു. ഇന്ത്യൻ ടീമിൽ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിനു പകരം പേസർ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തി.