മുന്‍ എം.പി മുഹമ്മദ് ഫൈസലിന് ആശ്വാസം; കുറ്റക്കാരനാണെന്ന് വിധിക്ക് സസ്പെന്‍ഷന്‍

വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിന് ആശ്വാസം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു.കേസിലെ വസ്തുതകളും സാഹചര്യവും വിലയിരുത്തിയതിൽ മതിയായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഫൈസലിനെതിരായ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തത്. രാഷ്ട്രീയത്തിൽ സംശുദ്ധി സൂക്ഷിക്കേണ്ടത് പ്രധാനമാണെന്ന് ഉത്തരവിൽ കോടതി പറഞ്ഞു. എന്നാൽ ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സസ്പെൻഡ് ചെയ്തില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും ഇത് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു.

ഫൈസലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ശിക്ഷാവിധിയും സസ്പെൻഡ് ചെയ്തപ്പോൾ, മറ്റ് മൂന്നു പ്രതികളുടെ ശിക്ഷാവിധി മാത്രമാണ് സസ്പെൻഡ് ചെയ്തത്. 2009 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടായ സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഫൈസലും മറ്റു മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചത്. 10 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയുമായിരുന്നു കവരത്തി സെഷൻസ് കോടതിയുടെ ശിക്ഷാവിധി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതികൾ.

ഉത്തരവിന് പിന്നാലെ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. അതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, ഇതിനെതിരെ മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. ജനുവരി 31നാണ് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങുക. 27ന് ഫൈസലിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കും. ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ സുപ്രീംകോടതിയുടെ തീരുമാനം നിർണായകമാകും. വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തതിലൂടെ മുഹമ്മദ് ഫൈസലിന് എം.പി സ്ഥാനം തിരികെ ലഭിക്കാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്.

Kerala High Court suspended the conviction on Muhammad Faisal