പളളിത്തർക്കത്തിൽ നിയമനിർമാണം നടത്തും; ഹൈക്കോടതിയിൽ സർക്കാർ

യാക്കോബായ- ഓർത്തഡോക്സ് പളളിത്തർക്കത്തിൽ നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ എന്ത് നിയമമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണോ ഈ നിയമനിർമാണമെന്ന് അറിയേണ്ടതുണ്ട്. സഭയിൽ ഐക്യവും സമാധാനവും കൊണ്ടുവരികയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇരുവിഭാഗവും അതിന് മുന്നിട്ടിറങ്ങണമെന്നും കോടതി പരാമർശിച്ചു.

അനുരഞ്ജനത്തിന്റെ സമയമല്ല ഇതെന്നും തങ്ങൾക്കനുകൂലമായ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. എന്തെങ്കിലും സമവായ സാധ്യത സർക്കാർ മുന്നോട്ടുവയ്ക്കുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ കോടതി തങ്ങളും അതിനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. തർക്കം രമ്യമായി പരിഹരിക്കാൻ ഒരു മാസത്തെ സമയം സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് അടുത്ത മാസം 19 വരെ കോടതി സർക്കാരിന് സമയം അനുവദിച്ചു.