നടിയെ ആക്രമിച്ച കേസ്: വീണ്ടും സമയം നീട്ടിച്ചോദിക്കാന്‍ പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ചകേസിലെ തുടരന്വേഷണത്തിന് വീണ്ടും സമയം നീട്ടിചോദിക്കാന്‍ അന്വേഷണസംഘം. ഉടന്‍ ഹൈക്കോടതിയില്‍ അപേക്ഷനല്‍കും. മെമ്മറിക്കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടനയില്‍ മാറ്റംവന്നത് അന്വേഷിക്കണമെന്നും ചില ഡിജിറ്റല്‍ തെളിവുകള്‍കൂടി പരിശോധിക്കണമെന്നുമാണ് ആവശ്യം. ജുലൈ പതിനഞ്ചിനുള്ളില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. നടിയെ ആക്രമിച്ചകേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം രണ്ടു  ദിവസംകൂടി  ബാക്കിയുള്ളത്. അതിനിടയിലാണ് വീണ്ടും സമയം നീട്ടിചോദിക്കാന്‍ പ്രോസിക്യൂഷന്റെ നീക്കം. ഇതിനായി മുന്നോട്ടുവയ്ക്കുന്ന കാരണങ്ങള്‍ ഒന്ന്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന മൂന്ന് തവണ മാറിയതായുള്ള ഫൊറന്‍സിക്ക് പരിശോധനാഫലം പുറത്തുവന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ൈകവശമുള്ളപ്പോഴും, ജില്ലാക്കോടതിയുടെ കൈവശമുള്ളപ്പോഴും വിചാരണക്കോടതി കേസ് പരിഗണിച്ചപോഴുമാണ് ഡിജിറ്റല്‍ ഘടന മാറിയത് ഇതില്‍ വിശദമായ അന്വേഷണം വേണം. 

ദിലീപിന്റെയും കൂട്ട് പ്രതികളുടെയും ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നുമായി ഒരു ലക്ഷത്തോളം ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിക്കാനും സമയംവേണം. ഇതെല്ലാം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കുകയാണ് ലക്ഷ്യം. സമയം നീട്ടിനല്‍കാനായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. മെമ്മറിക്കാര്‍ഡിലെ ഡിജിറ്റല്‍ ഘടനയില്‍ മാറ്റം വന്നതും തുടരന്വേഷണവുമായി എന്ത് ബന്ധമാണെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണത്തെ ബാധിക്കാത്ത രീതിയില്‍ മെമ്മറിക്കാര്‍ഡിന്റെ പരിശോദന പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് ഇനി സമയം നീട്ടിനല്‍കുമോ എന്നാണ് കണ്ടറിയേണ്ടത്.