ഇംഫാലില്‍ മണ്ണിടിച്ചില്‍; ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു; രക്ഷാപ്രവർത്തനം തുടരുന്നു

കനത്തമഴയിൽ മണിപ്പൂർ ഇംഫാലിൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു.നാല്‍പ്പതിലേറെ പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാര്‍ക്കൊപ്പം റെയില്‍വേ ജീവനക്കാരും തൊഴിലാളികളും നാട്ടുകാരുമാണ് അപടത്തില്‍പെട്ടത്. 19 പേരെ രക്ഷപെടുത്തി.

കനത്തമഴയിൽ മണിപ്പൂർ ഇംഫാലിൽ മണ്ണിടിഞ്ഞുവീണ് സേനാംഗങ്ങൾ ഉൾപ്പെടെ മണ്ണിനടിയിൽ കുടുങ്ങി പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലും വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഡല്‍ഹിയില്‍ കാലവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ടുപുൾ റയിൽവേ സ്റ്റേഷനുസമീപം ജിരിബാം-ഇംഫാൽ റയിൽവേ ലൈൻ നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരും ഇവർക്ക് സുരക്ഷ നൽകാൻ ഉണ്ടായിരുന്ന ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ അർദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിൽ പുറം ലോകമറിയാൻ വൈകി. 13 പേരെ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുത്തി. കൂടുതൽ പേർ മണ്ണിനടിയിൽ  അകപ്പെട്ടതായാണ് സംശയം. കരസേനയും അസം റൈഫിൾസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു

മഴ തുടരുന്നതും ചെറിയ മണ്ണിടിച്ചിൽ തുടർച്ചയായി ഉണ്ടാകുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ഇന്നലെ തുടങ്ങിയ മഴയിൽ റോഡുകൾ അടക്കം ഒലിച്ചുപോയി. പലയിടങ്ങളിലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായി.  ബിഹാറിൽ പട്നയിലും പാടലിപുത്രയിലും പലയിടങ്ങളിലും മഴക്കെടുതികൾ രൂക്ഷമാണ്. ഡൽഹി-ഹരിയാന അതിർത്തിയായ ഗുരുഗ്രാമിൽ റോഡിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി