ഒറ്റക്കക്ഷിയായിട്ടും അധികാരം കവർന്നു; ഇന്ന് കോൺഗ്രസിന്റെ മധുരപ്രതികാരം; ബിജെപിക്ക് അടി

മണിപ്പുരിൽ ബിജെപി സർക്കാരിനെ പ്രതിസന്ധിയിലാക്കി മൂന്നു ബിജെപി എംൽഎമാർ രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്നതോടെ സർക്കാരുണ്ടാക്കാനുള്ള വഴി തേടി നേതൃത്വം. ആറ് എംഎൽഎമാർ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ബിജെപി നേതാവ് ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനു ഭൂരിപക്ഷം നഷ്ടമായി. സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിയിലെ (എൻപിപി) നാല് മന്ത്രിമാരാണ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. ഇതിൽ ഉപമുഖ്യമന്ത്രി വൈ.ജോയ്‌കുമാർ സിങ്ങും ഉൾപ്പെടുന്നു.

കൂടാതെ, ഒരു സ്വതന്ത്ര എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ ബിജെപിയുടെ അംഗബലം 30 ആയി കുറഞ്ഞു. അറുപതംഗ നിയമസഭയിൽ ഇപ്പോൾ ആകെ 59 പേരാണ് ഉള്ളത്. ആന്ദ്രോ മണ്ഡലത്തിൽ നിന്നുള്ള ടി.എച്ച്. ശ്യാംകുമാറിനെ അയോഗ്യനാക്കിയിരുന്നു. 2017 കോൺഗ്രസ് ടിക്കറ്റിൽ സഭയിലെത്തിയ ശ്യാംകുമാർ പിന്നീടു ബിജെപിയിലേക്കു ചുവടു മാറുകയായിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യനാക്കിയത്.

2017ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 28 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാൽ 21 എംഎല്‍എമാരുമായി രണ്ടാമതെത്തിയ ബിജെപി പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. ഏഴ് കോൺഗ്രസ് എംഎൽഎമാരും ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ ഇപ്പോഴുത്തെ സംഭവവികാസങ്ങളോടെ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ഗവർണറെ കാണും.