മണിപ്പൂര്‍ മണ്ണിടിച്ചില്‍: മരണം 81 ആയി; 55 പേർക്കായി തിരച്ചിൽ

മണിപ്പുരില്‍ റെയില്‍പാത നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ 81 പേര്‍ മരിച്ചതായി മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ മൂന്നുദിവസമെടുക്കുമെന്നും ബിരേന്‍ സിങ് വ്യക്തമാക്കി. പ്രളയം വന്‍നാശം വിതച്ച അസമില്‍ 6 കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ കൂടി മരിച്ചു. ആകെ മരണസംഖ്യ 173 ആയി ഉയര്‍ന്നു. മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലില്‍ കനത്ത മഴയെത്തുടര്‍ന്ന് റെയില്‍പാത നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറുകയാണ്. നിര്‍മാണത്തൊഴിലാളികളും സുരക്ഷയൊരുക്കിയ ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങളുമാണ് ബുധനാഴ്ച്ച അര്‍ധരാത്രിയുണ്ടായ അപകടത്തില്‍പ്പെട്ടത്.

കരസേന, അസം റൈഫിള്‍സ്, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴയും തുടര്‍ച്ചയായ മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കുന്നു. വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമാണ്. 13 ടെറിറ്റോറിയല്‍ ആര്‍മി അംഗങ്ങളെയും 5 സാധാരണക്കാരെയും രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മണിപ്പുര്‍ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. അസമില്‍ 30 ജില്ലകളിലെ 2450 ഗ്രാമങ്ങളിലായി 30 ലക്ഷത്തിലധികം പേര്‍ പ്രളയദുരന്തത്തിന് ഇരയായി. ബ്രഹ്മപുത്ര ഉള്‍പ്പെടെ മൂന്ന് നദികളിലെ ജല നിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. കേന്ദ്രസംഘം ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിവരികയാണ്.