ടീസ്റ്റ സെതല്‍വാദും ആര്‍.ബി.ശ്രീകുമാറും ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍

സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വസതിയില്‍ നിന്ന് ടീസ്റ്റയെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. മലയാളിയായ ഗുജറാത്ത് മുന്‍ ‍ഡിജിപി ആര്‍.ബി.ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടും കേസില്‍ പ്രതികളാണ്. ശ്രീകുമാറിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ സുപ്രീംകോടതി ‌ടീസ്റ്റ സെതല്‍വാദിന്റെ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗുജറാത്ത് പൊലീസ് നീക്കം.