മനുഷ്യാവകാശം സംരക്ഷിക്കുന്നത് കുറ്റമല്ല; ടീസ്റ്റയുടെ അറസ്റ്റില്‍ കടുത്ത ആശങ്ക: യുഎന്‍ ഉദ്യോഗസ്ഥ

സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്‍റെ അറസ്റ്റിനെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക റിപ്പോർട്ടർ മേരി ലോലറാണ് കടുത്ത ആശങ്ക ട്വിറ്റ് ചെയ്തത്. 'ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് ടീസ്റ്റ അറസ്റ്റ്ചെയ്തതില്‍ കടുത്ത ആശങ്കയുണ്ട്. വിദ്വേഷത്തിനും വിവേചനത്തിനും എതിരായ ശക്തമായ ശബ്ദമാണ് ടീസ്റ്റയുടേത്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നത് കുറ്റകരമല്ല. അവരെ വിട്ടയക്കണമെന്നും ഇന്ത്യൻ ഭരണാധികാരികളുടെ പീഡനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു'- ട്വിറ്റ് അവസാനിച്ചു. 

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതില്‍ ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. അതേസമയം, കലാപവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വിവരങ്ങൾ ടീസ്റ്റ പങ്കുവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ടീസ്റ്റയുടെ എൻജിഒ, ബിജെപി അംഗങ്ങൾക്കെതിരെ പൊലീസ് സ്റ്റേഷനുകളിൽ വ്യാജ പരാതി സമർപ്പിച്ചിരുന്നതായും അമിത് ഷാ ആരോപിച്ചു. ഒരു അഭിമുഖത്തിലൂടെയാണ് ഷാ ഇക്കാര്യം പറഞ്ഞത്. 

മലയാളിയായ ഗുജറാത്ത് മുന്‍ ‍ഡിജിപി ആര്‍.ബി.ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടും കേസിലെ പ്രതികളാണ്. ശ്രീകുമാറിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ‘ഭീകരവിരുദ്ധ സ്ക്വാഡ് ടീസ്‌റ്റയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറി, ടീസ്റ്റയെ അപമാനിച്ചു. കസ്റ്റഡിയിൽ എടുക്കാൻ പോകുന്ന കാര്യം അറിയിച്ചില്ല. ഐപിസി 469, 471 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.’- ടീസ്റ്റയുടെ അഭിഭാഷകൻ വ്യക്തമാക്കി.