ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം; പാസ്പോര്‍ട്ട് ഹാജരാക്കണം: സുപ്രീംകോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖ ചമക്കൽ കേസിൽ സാമൂഹിക പ്രവർത്തക  ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം. പാസ്പോർട്ട് വിചാരണ കോടതിയ്ക്ക് കൈമാറണം , അന്വേഷണവുമായി സഹകരിക്കണം, സ്ഥിരം ജാമ്യത്തിനായുള്ള നടപടികൾ ഹൈക്കോടതിയിൽ തുടരാമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ജൂൺ 25 നാണ്  സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത്.  ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെ  ആഗസ്റ്റ് മൂന്നിന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചങ്കിലും കേസ് ഈ മാസം 19 ലേക്ക് മാറ്റി വക്കുകയായിരുന്നു. തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്.

ജാമ്യം നിഷേധിക്കുന്നതിന് കാരണമായ ഒന്നും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്രയും ദിവസം കസ്റ്റഡിയിൽ ലഭിച്ചിട്ട് ടീസ്റ്റയിൽ നിന്നും എന്ത് തെളിവ് കിട്ടി എന്നും ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.ഇന്നലെ ഹർജി പരിഗണിച്ചപ്പോഴും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗുജറാത്ത് പൊലീസിനെയും ഹൈക്കോടതിയെയും  സുപ്രീംകോടതി  വിമർശിച്ചിരുന്നു.ടീസ്റ്റ അന്വേഷണത്തോട് സഹകരിക്കുന്നില്ല , ഹൈ കോടതി പരിഗണയിൽ ഉള്ള കേസാണ് പ്രത്യേക പരിഗണന നൽകി തെറ്റായ മാത്യക സ്യഷ്ടിക്കരുത് തുടങ്ങിയ  വാദങ്ങൾ തള്ളിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.