ബിഷപ് ഫ്രാങ്കോയ്ക്ക് വൻ സ്വീകരണം ഒരുക്കി നാട്; 105 കതിന പൊട്ടിച്ചു

കുറ്റവിമുക്തനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജന്‍മനാടായ തൃശൂര്‍ മറ്റത്ത് വിപുലമായ സ്വീകരണം നല്‍കി. 105 ദിവസം നീണ്ട വിചാരണയുടെ പ്രതീകമായി പള്ളിമുറ്റത്ത് 105 കതിന പൊട്ടിച്ചു.  

ജന്‍മനാടായ തൃശൂര്‍ മറ്റത്ത് വിശ്വാസികളും ബന്ധുക്കളും അടങ്ങുന്ന വന്‍ജനക്കൂട്ടം ബിഷപ് ഫ്രാങ്കോയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. കാറില്‍ വന്നിറങ്ങിയ ഉടനെ പടക്കംപൊട്ടിച്ചും പൂത്തിരികത്തിച്ചും ആഘോഷം പൊടിപൊടിച്ചു. മറ്റം പള്ളിയില്‍ ഉറ്റവരുടെ കുഴിമാടത്തിനരികില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന ചൊല്ലി. നേരെ, ദേവാലയത്തിലേക്ക് പ്രവേശിച്ചു. ആരാധനാ ചടങ്ങില്‍ പങ്കെടുത്തു. ഈ സമയം, പള്ളി മുറ്റത്ത് 105 കതിനകള്‍ പൊട്ടിച്ചു. ഇതിനെല്ലാം പുറമെ, പടക്കം പൊട്ടിച്ചും വിശ്വാസികള്‍ ആഘോഷിച്ചു. 

വീട്ടില്‍ എത്തിയ ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ചാലക്കുടി പള്ളിയില്‍ സഹോദരിയുടെ കുഴിമാടത്തിനരികിലേയ്ക്കാണ് പിന്നെ പ്രാര്‍ഥനകള്‍ക്കായി പോയത്. വിശ്വാസികള്‍ ആഘോഷപൂര്‍വമാണ് എതിരേറ്റത്. നിരപരാധിയായ ബിഷപ്പിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് വിശ്വാസികള്‍ മുദ്രാവാക്യം മുഴക്കി. നീതിയുടെ വിജയമാണിതെന്ന് സ്ഥലത്തെത്തിയ സന്യസ്തരും പ്രതീകരിച്ചു.