എങ്ങുമെത്താതെ മേല്‍പ്പാലം നിര്‍മാണം; കുരുങ്ങി വലഞ്ഞ് കൊട്ടാരക്കര: ദുരിതം

എംസി റോഡും കൊല്ലം തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്ക‌രയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായ മറ്റൊരിടം. മേല്‍പ്പാലം നിര്‍മിക്കാന്‍ രൂപരേഖ തയാറായെങ്കിലും ബൈപ്പാസ് മതിയെന്ന ആവശ്യവും ശക്തമാണ്. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ തട്ടകമാണിത്. മന്ത്രി തന്നെ ഇടപെട്ട് ഉചിതമായ പദ്ധതി നടപ്പാക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.    

ഗതാഗതക്കുരുക്ക് എന്നും നേരിടുന്നവരുടെ വാക്കുകളാണിത്. വീതികുറഞ്ഞ ദേശീയപാതയും എംസി റോഡും സംഗമിക്കുന്നയിടത്ത് ഇനിയൊരു വീതി കൂട്ടിലിന് ഇടമില്ല. നാലുഭാഗത്തും ഇടുങ്ങിയ റോഡുകളില്‍ കുടുങ്ങുന്ന വാഹനങ്ങള്‍. എവിടേക്ക് നീങ്ങാനും കാത്തുകിടക്കണം. സിഗ്നല്‍ സംവിധാനങ്ങളുണ്ടെങ്കിലും ട്രാഫിക് പൊലീസുകാരുടെ പെടാപ്പാട്. ഇട റോഡുകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍, രണ്ട് ബസ് സ്റ്റാന്‍ഡുകളിലേക്ക് കയറിയിറങ്ങുന്ന ബസുകള്‍ കൂടിയാകുമ്പോള്‍ കുരുക്ക് മുറുകുന്നു. റോഡുമുറിച്ചുകടക്കാന്‍ കാല്‍‌നടയാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ടായി.   

എല്ലാത്തിനും പരിഹാരമായി എംസി റോഡില്‍ മേല്‍പാലം പണിയുന്നതിന് രൂപരേഖ തയാറായതാണ്. ധനമന്ത്രിയുടെ മണ്ഡലമാണ്. എഴുപതുകോടി രൂപയുടെ പദ്ധതിക്ക് പണം തടസമാകില്ലെന്ന് പ്രതീക്ഷിക്കാം. പക്ഷേ പദ്ധതി എന്ന് നടപ്പാകുമെന്ന് വ്യക്തമല്ല.