ഒന്നരക്കിലോമീറ്റര്‍ കടക്കാന്‍ ഒരു മണിക്കൂറിലേറെ കുരുക്കിൽ: ദുരിതം, വലഞ്ഞ് ജനം

എം.സി റോഡില്‍ പത്തനംതിട്ട ജില്ലയില്‍ ഗതാഗതകുരുക്ക് പതിവുള്ള ജംക്്ഷനാണ് പന്തളം. മൂന്നുവര്‍ഷം മുന്‍പ് ബൈപാസിന്റെ നിര്‍മാണോദ്ഘാടനം നടന്നെങ്കിലും ജോലികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ബൈപാസിന്റെ അലൈന്‍നെന്റിനെപ്പറ്റി പരാതികള്‍ ഉണ്ടെങ്കിലും സ്ഥലമേറ്റെടുക്കുന്നതില്‍ കാര്യമായ എതിര്‍പ്പുകളില്ല.   

പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തവും കൊളുത്തി പട എന്നൊരു പഴമൊഴിയുണ്ട്. ഗതാഗതക്കുരുക്കിന്റെ കാര്യത്തിലും അങ്ങിനെ തന്നെ. ചെറിയ ടൗണായ പന്തളം കടക്കണമെങ്കില്‍ കുറച്ചധികം സമയം വേണ്ടിവരും.

  

അഞ്ചു കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഒന്നര കിലാമീറ്ററിലെ ഗതാഗതക്കുരുക്ക് താണ്ടാന്‍ ഇത്രയും ചുറ്റിക്കണോ എന്ന ചോദ്യം അന്നേ ഉയര്‍ന്നതാണ്. നിര്‍മാണ ചുമതല ആദ്യം പൊതുമാരമത്ത് വകുപ്പിനെയാണ് ഏല്‍പ്പിച്ചത്. പിന്നീട് റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറി. രണ്ടു തവണ അളന്ന് കല്ലിട്ടു. സ്ഥലമേറ്റെടുക്കുന്നതില്‍ കാര്യമായ എതിര്‍പ്പില്ലാത്തതിനാല്‍ സര്‍ക്കാര്‍ അല്‍പം ആത്മാര്‍ഥത കാണിച്ചാല്‍ പന്തളം ബൈപാസ് യാഥാര്‍ഥ്യമാകും.