'സംയുക്ത സംഘം അന്വേഷിക്കും; 12.08ന് കോപ്റ്ററുമായി ആശയവിനിമയം നഷ്ടമായി'

സംയുക്തസേന മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ച കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ് നേതൃത്വം നല്‍കുന്ന സംയുക്ത സേനാസംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്നലെ ഉച്ചയ്ക്ക് 12.08ന് ഹെലികോപ്റ്ററുമായി ആശയവിനിമയം നഷ്ടമായി. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും രാജ്നാഥ് സിങ് പാര്‍ലമെന്‍റില്‍ അറിയിച്ചു.   

രാജ്യത്തെ നടുക്കിയ കുനൂര്‍ ദുരന്തത്തെക്കുറിച്ച് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ആദ്യ വിശദീകരണം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റേതാണ്. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിരോധമന്ത്രി അപകടത്തെക്കുറിച്ച് വ്യക്തമാക്കിയതിങ്ങിനെ. വ്യാഴാഴ്ച്ച 11.48ന് സൂലുരില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 12.08 ന് എയര്‍ബേസുമായി ഹെലികോപ്റ്ററിന്‍റെ ആശയവിനിമയം നഷ്ടമായി. സംയുക്തസേന മേധാവിയും ഭാര്യയും അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന 14ല്‍ 13പേര്‍ മരിച്ചു. അപകടമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തുകയും പ്രാദേശിക ഭരണകൂടത്തെ അറിയിക്കുകയും രക്ഷാദൗത്യം തുടങ്ങുകയും ചെയ്തു. മരിച്ചവരുടെ പേരുവിവരങ്ങള്‍ വായിച്ച പ്രതിരോധമന്ത്രി ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നതായി അറിയിച്ചു. വ്യോമസേന മേധാവിയോട് ഇന്നലെ തന്നെ അപകടസ്ഥലത്തെത്താന്‍ നിര്‍ദേശിച്ചിരുന്നു. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ് നേതൃത്വത്തില്‍ മൂന്ന് സേനവിഭാഗങ്ങളും ഉള്‍പ്പെടുന്ന സംഘം അപകടത്തെക്കുറിച്ച് അന്വേഷിക്കും.  

ബിപിന്‍ റാവത്തിന്‍റെ സംസ്ക്കാരം വെള്ളിയാഴ്ച്ച പൂര്‍ണ സൈനിക ബഹുമതികളോടെ നടക്കും. മറ്റുസൈനികരുടെ ഭൗതികദേഹവും സൈനിക ബഹുമതികളോടെ സംസ്ക്കരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. രാജ്യസഭയില്‍ മറ്റ് കക്ഷി നേതാക്കളെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടെങ്കിലും ഉപാധ്യക്ഷന്‍ അനുവദിച്ചില്ല. ദുരന്തത്തില്‍ ഇരുസഭകളും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.