അന്നദാതാക്കള്‍ക്കായി പാര്‍ലമെന്റില്‍ ഇന്ന് സൂര്യനുദിക്കും: രാഹുല്‍

അന്നദാതാക്കള്‍ക്കായി പാര്‍ലമെന്റില്‍ ഇന്ന് സൂര്യനുദിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അതിനിടെ, പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം തുടങ്ങാനിരിക്കെ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷനേതാക്കളുടെ യോഗം അല്‍പസമയത്തിനകം ചേരും. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷചേരിയുണ്ടാക്കാന്‍ പരിശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്നാണ് സൂചന. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന്മേല്‍ ചര്‍ച്ചവേണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. ലോക്സഭാ കാര്യോപദേശക സമിതി യോഗവും ഉടന്‍ ചേരും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് ബിനോയ് വിശ്വവും വി ശിവദാസനും ടി എന്‍ പ്രതാപനും വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രനും കെ മുരളീധരനും ബെന്നി ബെഹ്നാനും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസും അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. ഒമിക്രോണ്‍ വൈറസ് വകഭേദം ഉയര്‍ത്തുന്ന വെല്ലുവിളി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷും ത്രിപുരയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉന്നയിച്ച് എളമരം കരീമും അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്.