'ആത്മഹത്യയ്ക്ക് കാരണം സിഐ'; ഗുരുതര പരാമർശം: എഫ്ഐആർ പുറത്ത്

ആലുവയില്‍ നിയമവിദ്യാര്‍ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ സിഐ സി. എൽ. സുധീറിനെതിരെ എഫ്ഐആറില്‍ ഗുരുതര പരാമര്‍ശം. സിഐ സുധീര്‍ കയര്‍ത്ത് സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലും സുധീറില്‍ നിന്ന് നീതി കിട്ടില്ല എന്ന തോന്നലിലുമാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് എഫ്ഐആറില്‍ പറയുന്നു. അതേസമയം മോഫിയ പര്‍വീണിന്‍റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സന്ദര്‍ശിക്കും. 

മോഫിയയും ഭര്‍ത്താവ് സുഹൈലും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുകൂട്ടരെയും സിഐ സുധീര്‍ തിങ്കളാഴ്ച ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇവിടെ വച്ച് സംസാരത്തിനിടെ മോഫിയ ഭര്‍ത്താവിന്‍റെ മുഖത്തടിച്ചെന്നും ഇത് കണ്ട് എസ്എച്ച് ഒ സുധീര്‍ മോഫിയയോടെ് കയര്‍ത്ത് സംസാരിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. ഇതിലുണ്ടായ മനോവിഷമത്തിലും സിഐ സുധീറില്‍  നിന്ന് ഇനി ഒരിക്കലും നീതി കിട്ടില്ല എന്ന തോന്നലിലുമാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് എഫ്ഐആറിലുണ്ട്. 

എന്നാല്‍ മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, സുഹൈലിന്‍റെ അച്ഛന്‍ യൂസഫ്, അമ്മ റുഖിയ എന്നിവരാണ് പ്രതികള്‍. ഇവരെ അന്വേഷണ സംഘം ചൊവ്വാഴ്ച കസ്റ്റഡിയില്‍ ആവശ്യപ്പെടും. അതേസമയം കൊച്ചിയിലെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടുമണിയോടെ മോഫിയയുടെ വീട്ടിലെത്തി മാതാപിതാക്കളെ കാണും.