മോഫിയയുടെ ആത്മഹത്യ: പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായി

ആലുവയില്‍ നിയമവിദ്യാര്‍ഥി ആത്മഹത്യചെയ്ത കേസില്‍ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. മൂന്ന് പ്രതികളെയും കോതമംഗംലത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ തെളിവായി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. പ്രതികളായ മുഹമ്മദ് സുഹൈല്‍ സുഹൈലിന്റെ ഉമ്മ റുഖിയ, ഉപ്പ യൂസഫ് എന്നിവരെ വൈകിട്ടോടെയാണ് കോതമംഗലം നെല്ലിക്കുഴിയിലെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂറോളം വീട്ടില്‍ തെളിവെടുപ്പ് തുടര്‍ന്നു. ഈ വീട്ടില്‍വച്ചാണ് സുഹൈലിന്റെയും ഉമ്മയുടെയും പീഡനത്തിന് ഇരയായതെന്നാണ് മോഫിയ പരാതിയില്‍ പറഞ്ഞത്. തെളിവെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങവെ താന്‍ നിരപരാധിയാണെന്ന് സുഹൈലിന്റെ ഉമ്മ മാധ്യമങ്ങളോട് പറ‍ഞ്ഞു.

പ്രതികളുടെ കസ്റ്റഡിക്കാലാവധി അവസാനിക്കും മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യഗോസ്ഥര്‍.  ഇന്‍സ്റ്റഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലുമുള്ള വിവരങ്ങള്‍ കേസില്‍ തെളിവായി ശേഖരിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു. മോഫിയ പര്‍വീണിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.