നീറ്റ് പ്രവേശന മാനദണ്ഡം മാറ്റുമെന്ന് കേന്ദ്രം; പുതിയ മാനദണ്ഡം നാലാഴ്ചയ്്ക്കകം

മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നാലാഴ്ചയ്ക്കകം പുതിയ മാനദണ്ഡങ്ങളില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍. അതുവരെ നീറ്റ് പി.ജി മെഡിക്കല്‍ പ്രവേശന കൗണ്‍സിലിംഗ് നിര്‍ത്തിവയ്ക്കും. എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനം ഉള്ളവരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായി കണക്കാക്കാമെന്ന നിലവിലെ വ്യവസ്ഥയെ കോടതി നേരത്തെ ചോദ്യം ചെയ്തിരുന്നു. 103ാം ഭരണഘടന ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം നീറ്റ് അഖിലേന്ത്യ ക്വാട്ടയിലും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചത്. 8 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായി പരിഗണിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഹര്‍ജികളില്‍ വാദം കേള്‍ക്കവേ സുപ്രീംകോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എട്ട് ലക്ഷമെന്ന പരിധി പുന:പരിശോധിക്കുമെന്നും പുതിയ മാനദണ്ഡങ്ങള്‍ നാലാഴ്ചയ്ക്കകം തീരുമാനിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്.

അതുവരെ നീറ്റ് പി.ജി കൗണ്‍സിലിംഗ് നീട്ടിവയ്ക്കുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. മുന്നാക്ക സംവരണം നടപ്പിലാക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിക്കൂടെയെന്ന് കോടതി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഭരണഘടനാടിസ്ഥാനത്തിലുള്ള സംവരണം ഈ വര്‍ഷം തന്നെ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇത് അംഗീകരിച്ച കോടതി കേസ് അടുത്ത വര്‍ഷം ജനുവരി ആറിലേക്ക് മാറ്റി.