തിരുവനന്തപുരം പേരൂര്‍ക്കട മേല്‍പ്പാലത്തിന്റെ ഡി.പി.ആറില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി കെ.മുരളീധരന് മനോരമ ന്യൂസിനോട്. മേല്‍പ്പാലം കവടിയാര്‍ വരെ നീട്ടുന്നതിന്റെ ഭാഗമായി കൂടുതല്‍ തുക അനുവദിക്കുമെന്നും മുരളീധരന് പറഞ്ഞു. പദ്ധതിക്ക് അനുകൂലമെങ്കിലും കാലതാമസത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.
ഒരിക്കലും കുരുക്കഴിയാത്ത അമ്പലമുക്ക് ജംങ്ഷനിലെ തിരക്കൊഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് പേരൂര്‍ക്കട മേല്‍പ്പാലത്തിന്റെ രൂപരേഖയില്‍ മാറ്റം വരുത്തുന്നത്.വഴയിലയില്‍ തുടങ്ങി കവടിയാര്‍ നര്‍മ്മദ ജംങ്ഷന് വരെ മേല്‍പ്പാലം നിര്‍മിക്കണമെന്ന നിര്‍ദേശമാണ് സ്ഥലം എം എല്‍ എ കൂടിയായ കെ മുരളീധരന് മുമ്പോട്ട് വച്ചിരിക്കുന്നത്. ഇതിനായി പേരൂര്‍ക്കട മേല്‍പ്പാലത്തിന്റെ ഡിപി ആര് പുതുക്കും. കൂടുതല്‍ തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കവടിയാര്‍ വരെയാണ് നേരത്തെ ഡിസൈന്‍ തയാറാക്കിയിരുന്നത്. എന്നാല്‍ ഭീമമായ നിര്‍മാണ ചെലവും ഭൂമി ഏറ്റെടുക്കലിലെ തടസങ്ങളും കണക്കിലെടുത്ത് അമ്പലമുക്ക് വരെയായി ചുരുക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. പേരൂര്‍ക്കട മേല്‍പ്പാലത്തിനായി ഫണ്ട് അനുവദിച്ച് , മറ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ ഘട്ടത്തില്വീണ്ടും ഡിസൈനില്‍ മാറ്റം വരുത്തുന്നത് കാലതാമസത്തിന് കാരണമാകുമെന്നും ആശങ്കയുണ്ട്. നിര്‍മാണ പദ്ധതികളൊക്കെ ഒച്ചിഴയും പോലെ ഇഴയുന്നൊരു നാട്ടില്‍ കവടിയാര്‍ വരെ മേല്‍പാലമെന്ന സ്വപ്നം എന്ന് യാഥര്ഥ്യമാകുമെന്നാണ് കണ്ടറിയേണ്ടത്.