• പ്രകൃതിയുടെ വശ്യതയില്‍ സഞ്ചാരികളെ കാത്തിരിക്കുയാണ് നെയ്യാര്‍, കാടും മലയും ആറും ഡാമും ഒത്തിണങ്ങിയ ഭൂപ്രദേശം

നെയ്യാറിന്‍റെ ടൂറിസം വികസനത്തിനുള്ള പദ്ധതികള്‍ ഭൂരിഭാഗവും പാതിവഴിയില്‍. 2021ല്‍ ബജറ്റില്‍ മൂന്നരക്കോടി രൂപ മാറ്റിവെച്ചെങ്കിലും 2 കോടി 40 ലക്ഷം രൂപയും പാഴായി. റെയിന്‍ ഡാന്‍സ്, ഔട്ട്ഡോര്‍ ജിംനേഷ്യം ഉള്‍പ്പെടെ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള പല പദ്ധതികളും ഫയലില്‍ ഒതുങ്ങുകയാണ്.

പ്രകൃതിയുടെ വശ്യതയില്‍ സഞ്ചാരികളെ കാത്തിരിക്കുയാണ് നെയ്യാര്‍. കാടും മലയും ആറും ഡാമും ഒത്തിണങ്ങിയ ഭൂപ്രദേശം. പക്ഷേ ടൂറിസം സാധ്യതകള്‍ മങ്ങുന്നത് സാങ്കേതികതയിലുടക്കിയാണ്. 2021ല്‍ മൂന്നരക്കോടി രൂപയാണ് ഡാം കേന്ദ്രീകരിച്ചുള്ള വികസനത്തിന് ടൂറിസം വകുപ്പ് മാറ്റിവെച്ചത്. ഡാമിന്‍റെ മുഴുവന്‍ ഭംഗിയും മുകളിലൂടെ നടന്ന് ആസ്വദിക്കാനാകുന്ന എലിവേറ്റഡ് വാക്ക് വേ, വിശാലമായ പാര്‍ക്കിങ് ഏരിയ, കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ ചായ കുടിച്ച് സൊറ പറഞ്ഞിരിക്കാന്‍ പറ്റിയ കഫെറ്റേരിയ തുടങ്ങിയ ഒന്‍പത് ബൃഹത്തായ പ്ലാനുകളുണ്ടായിരുന്നു. 

അഞ്ചുവര്‍ഷം കൊണ്ട് നടന്നത് ചില്‍ഡ്രന്‍സ് പാര്‍ക്കും ബസ് സ്റ്റോപ്പ് വികസനവും ഉള്‍പ്പെടെയുള്ള അഞ്ച് പ്ലാനുകള്‍ മാത്രം. കഴിഞ്ഞ ഡിസംബറില്‍ ഭരണാനുമതി സമയം അവസാനിച്ചതോടെ 2 കോടി 40 ലക്ഷം രൂപ പാഴായി. മലമ്പുഴ ഡാമിലേത് പോലെയുള്ള അഡ്വഞ്ചര്‍ ടൂറിസത്തിനുള്ള സംവിധാനമൊരുക്കണമെന്ന് കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ്  ബി. വിനോദ് കുമാര്‍ പറയുന്നു. 

റെയിന്‍ ഡാന്‍സ്, ഔട്ട്ഡോര്‍ ജിംനേഷ്യം, വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ തുടങ്ങിയ പദ്ധതികള്‍ ആലോചനയിലുണ്ടെന്നും ബാക്കി വന്ന തുക ചിലവഴിക്കുന്നതിനുള്ള സമയം നീട്ടിക്കിട്ടാന്‍ ആവശ്യപ്പെടുമെന്നുമാണ് ഇറിഗേഷന്‍ വകുപ്പ് അധികൃതരുടെ വിശദീകരണം.

ENGLISH SUMMARY:

A majority of tourism development projects for Neyyar Dam remain stalled halfway despite funds allocated years ago. Although ₹3.5 crore was earmarked in the 2021 budget for dam-centric infrastructure, ₹2.40 crore lapsed after the administrative sanction expired last December. Key planned attractions—including an elevated walkway over the dam, an outdoor gymnasium, a cafeteria, and rain dance facilities—remain confined to files, with only five minor projects like a children's park completed. While local panchayat leaders demand adventure tourism facilities similar to Malampuzha Dam, irrigation department officials state they will request an extension to utilize the remaining funds.