സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതോടെ വരുമാനം കൂട്ടാന്‍ ടിക്കറ്റ് ചാര്‍ജ് ഉയര്‍ത്തിയത് നെയ്യാറിലെ വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുന്നു. കാടിന്‍റെ സൗന്ദര്യമറിയാനെത്തുന്നവര്‍ക്ക് നല്ല താമസസൗകര്യം ഇല്ലാത്തതും സന്ദര്‍ശകരെ പിന്നോട്ട് വലിക്കുകയാണ്. ഇതോടെ വ്യാപാരികള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ പ്രതിസന്ധിയിലായി.

വനം, ഇറിഗേഷന്‍, ഫിഷറീസ് – നെയ്യാറിലെ വിനോദസഞ്ചാരത്തിന്‍റെ നെടുംതൂണുകളായ ഈ മൂന്ന് വകുപ്പുകളെ സന്ദര്‍ശകര്‍ കുറഞ്ഞത്, കുറച്ചൊന്നുമല്ല ബാധിച്ചത്. ലയണ്‍ സഫാരി പാര്‍ക്ക് അടച്ചതോടെ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വനംവകുപ്പ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ബോട്ടിങ് ഉള്‍പ്പെടെയുള്ള ലയണ്‍ സഫാരി പാര്‍ക്ക് സന്ദര്‍ശനത്തിന് 250നും 500നും ഇടയിലായിരുന്നെങ്കില്‍ ഇന്ന് പാക്കേജിന് ഒരാള്‍ക്ക് 2900 രൂപ മുതല്‍ 12,340 വരെയാണ്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മാത്രമല്ല, അതിനുതക്ക സൗകര്യമൊരുക്കാനും അധികൃതര്‍ക്കായില്ല. ആകര്‍ഷകമായ പാക്കേജുകള്‍ അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ കൂടി. പക്ഷേ നാല് ബോട്ടുകള്‍ മാത്രം സര്‍വീസ് നടത്താനുള്ളൂ എന്നിരിക്കെ എത്തിയവരെത്തിയവര്‍ കാത്തു നില്‍ക്കേണ്ടിവന്നു. വനംനകുപ്പ് കാടിനുള്ളില്‍ കോട്ടേജ് സൗകര്യമുള്‍പ്പെടെ ഒരുക്കിയെങ്കിലും വേണ്ടവിധം പരിപാലനമുണ്ടായില്ല. ഫിഷറീസ് വകുപ്പിന്‍റെ കീഴിലുള്ള അക്വാറിയം കാണാനും ആളുകള്‍ കുറഞ്ഞു. വരുമാനം കുറഞ്ഞതോടെ മെയിന്‍റനന്‍സ് മുടങ്ങി. കെട്ടിടത്തിന്‍റെ പെയിന്‍റ് അടര്‍ന്നു. മീനുകള്‍ ചത്തു. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ച് നെയ്യാറിലെത്തിയാലും കാണാന്‍ കൂടുതലൊന്നുമില്ലെന്ന് വന്നതോടെ സന്ദര്‍ശകര്‍ നെയ്യാറിനെ കൈവിട്ടു. ഇതോടെ പ്രതിസന്ധിയിലായത്ത് പ്രദേശത്തെ വ്യാപാരികളും ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്നവരുമാണ്.

ENGLISH SUMMARY:

Neyyar Dam tourism faces a major crisis due to a steep hike in ticket prices and a lack of proper visitor facilities. Local businesses and traders are struggling as tourist arrivals drop significantly across the forest, irrigation, and fisheries departments.