കോന്നി ആനക്കൂട്ടിലെ ഒരു കൊമ്പനെക്കൂടി കുങ്കി പരിശീലനത്തിന് കൊണ്ടുപോയതോടെ ആനകളുടെ എണ്ണം മൂന്നായിക്കുറഞ്ഞു. ആനയെക്കാണാനെത്തുന്ന സഞ്ചാരികള്‍ തൃപ്തിയില്ലാതെയാണ് മടങ്ങുന്നത്. നാട്ടുകാര്‍ അറിഞ്ഞാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന് കരുതി രാത്രിയാണ് രഹസ്യമായി കൊമ്പന്‍ കൃഷ്ണയെ കുങ്കി പരിശീലനത്തിന് കൊണ്ടുപോയത്.  

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു കൊമ്പന്‍ കൃഷ്ണയെ മുത്തങ്ങയിലേക്ക് കൊണ്ടുപോയത്. മുന്‍പ് കൊമ്പന്‍ സുരേന്ദ്രനെ കൊണ്ടുപോയപ്പോള്‍ അന്നത്തെ എംഎല്‍എ അടൂര്‍ പ്രകാശ് അടക്കം ഉള്ളവര്‍ തടയുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അതാണ് രഹസ്യമായി കൊണ്ടുപോകാന്‍ കാരണം. അടുത്തിടെ ഒരു കുട്ടിയാനയും പിടിയാനയും ചരിഞ്ഞിരുന്നു. ഒരു ആനയെക്കൂടി പരിശീലനത്തിന് കൊണ്ടുപോയതോടെ ആകെ മൂന്ന് ആനയാണ് ഇനി ഉള്ളത്. എണ്‍പത് രൂപകൊടുത്ത് ടിക്കറ്റെടുത്താണ് സഞ്ചാരികള്‍ ആനക്കൂട്ടില്‍ വരുന്നത്. പാര്‍ക്കിങ് ഫീസ് 40 രൂപ. നിലവില്‍ കണ്ടിറങ്ങുമ്പോള്‍ നിരാശയാണ്.

പത്തോളം ആനകൾ വരെയുണ്ടായിരുന്ന കോന്നി ഇക്കോ ടൂറിസം സെന്ററിൽ മീന, പ്രിയദർശിനി, ഈവ എന്നീ മൂന്ന് ആനകൾ മാത്രമാണ് ബാക്കിയുള്ളത്. ആനക്കൂട് അടച്ചുപൂട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ആരോപണം. ആനകള്‍ ചരിഞ്ഞതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥ ലോബിയാണ് പിന്നിലെന്നും ജനപ്രതിനിധികള്‍ അടക്കം ആരോപിക്കുന്നു.

ENGLISH SUMMARY:

Konni Elephant Cage is facing tourist backlash after elephant Krishna was secretly shifted for kunki training, leaving only three elephants remaining at the sanctuary. The stealthy relocation amid recent elephant deaths has sparked severe allegations of a conspiracy to shut down the eco-tourism center.