ജലമാമാങ്കത്തിന് വേദിയായി തളിപ്പറമ്പ് പട്ടുവം മംഗലശേരി പുഴ. മലബാറിലെ ഏറ്റവും വലിയ ജലകായിക മേളയുടെ ഏഴാം സീസണിൽ വ്യത്യസ്ത വിഭാഗങ്ങളിലായി മൂന്ന് ടീമുകൾ ചാംപ്യന്‍മാരായി.
ഓളങ്ങളെ കീറി മുറിച്ചായിരുന്നു മംഗലശേരി പുഴയിലെ ജലമാമാങ്കം. ആറ് വര്‍ഷമായുള്ള മംഗലശേരി പുഴയിലെ ജലകായിക മേള ഇന്നീ നാടിന്‍റെ വികാരമായി മാറിക്കഴിഞ്ഞു. ഇരുകരകളെയും ആവേശത്തിലാക്കി മാസ്മരിക താളത്തോടെ പുഴയിലിറങ്ങിയത് 34 ടീമുകൾ. കാസര്‍കോട് നിന്ന് 30, കണ്ണൂരില്‍ നിന്ന് നാല്. ആകെ 25 അംഗ ടീമുകളുടെ ഫൈനലിൽ ഒന്നാമനായത് എകെജി പോടോതുരുത്തി.
15 അംഗ ടീമുകളുടെ മത്സരത്തിൽ കപ്പടിച്ചത് അഴീക്കോടൻ അച്ചാംതുരുത്തി. വനിതാ ടീമുകളും ഓളപ്പരപ്പില്‍ കരുത്തുകാട്ടി. കൃഷ്ണപിള്ള കാവുംചിറയാണ് വനിതകളിലെ കരുത്തരിൽ ഒന്നാമതെത്തിയത്. 930 മീറ്റർ ദൈർഘ്യമുള്ള ട്രാക്കിലായിരുന്നു പോരാട്ടം.
മലബാറിലെ ഏറ്റവും വലിയ തുഴച്ചില്‍പോര് കാണാന്‍ സിനിമാ താരം ബാബു ആന്‍റണി, കലക്ടർ പി. വിഷ്ണുരാജ് അടക്കമുള്ളവരെത്തി. നവോദയ മംഗലശേരിയാണ് ഏഴ് വര്‍ഷമായി മംഗലശേരി പുഴയിലെ ജലമാമാങ്കത്തിന് ചുക്കാന്‍പിടിക്കുന്നത്. ജലകായിക മേളയ്ക്കൊപ്പം സാഹസിക പ്രകടനങ്ങൾ കൂടി പുഴയിൽ അരങ്ങേറിയത് കാണികൾക്ക് ആവേശം ഇരട്ടിപ്പിക്കുന്നതായിരുന്നു.