ശിക്ഷിക്കപ്പെട്ട് തടവറയിൽ കഴിയുന്നവരുടെ വാസനകളെയും കഴിവുകളെയും പ്രോത്സാഹിപ്പിച്ച് യഥാർഥ തിരുത്തൽ കേന്ദ്രമായി മാറുകയാണ് കണ്ണൂർ സെൻട്രൽ ജയിൽ. കുറ്റവാളികളെ തിരുത്തലുകളിലൂടെ പുതിയ മനുഷ്യരായി മാറ്റുക എന്ന ലക്ഷ്യത്തോടെ, ജയിലിലെ ഒരു തടവുകാരന്റെ ആശയം പൂർണ്ണതയിലെത്തിച്ച് ജയിൽ കവാടത്തിൽ നിർമ്മിച്ച 'ഗിയ' എന്ന മനോഹരമായ ശിൽപോദ്യാനം ഇപ്പോൾ കാണികളുടെ മനം കവരുകയാണ്. ഗ്രീക്ക് ഭാഷയിൽ 'ഭൂമീദേവി' എന്ന് അർത്ഥം വരുന്ന 'ഗിയ' പ്രകൃതി സംരക്ഷണത്തിന്റെ വലിയൊരു സന്ദേശമാണ് ഉയർത്തിപ്പിടിക്കുന്നത്.

വിവാദങ്ങളും കുറ്റകൃത്യങ്ങളും കൊണ്ട് പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ അധികൃതരുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമായത്. ചരിഞ്ഞു വീണ ഒരു മരവും അതിനു ചുറ്റും പച്ചപ്പുനിറഞ്ഞ അന്തരീക്ഷവും, സമൃദ്ധമായ ചെടികളും തേനീച്ചക്കൂടും കുഞ്ഞരുവിയും കുളവും അടങ്ങുന്നതാണ് ഈ ശിൽപോദ്യാനം. പ്രധാന ശില്പിയായ തടവുകാരനൊപ്പം മറ്റ് അഞ്ച് തടവുകാർ കൂടി കൈകോർത്തപ്പോൾ ഒന്നര വർഷത്തെ തീവ്രപരിശ്രമം കൊണ്ടാണ് പ്രകൃതി മനോഹരമായ ഈ ഉദ്യാനം പൂർത്തിയായത്.

തടവറയ്ക്കുള്ളിലെ ജീവിതത്തിനിടയിൽ മാനസിക മാറ്റങ്ങൾ വരുത്താനും കുറ്റകൃത്യങ്ങളിൽ നിന്ന് മാറി നടക്കാൻ അവരെ പ്രാപ്തരാക്കാനും അവരുടെ സർഗ്ഗാത്മക ആശയങ്ങൾക്ക് അവസരം നൽകേണ്ടതുണ്ടെന്ന ജയിൽ അധികൃതരുടെ നിലപാടാണ് ഈ ഉദ്യാനത്തിന് പിന്നിൽ. നിലവിൽ ജയിൽ കവാടത്തിന് മുന്നിൽ നിർമ്മിച്ച ശിൽപോദ്യാനത്തിന്റെ വിജയം മുൻനിർത്തി, കവാടത്തോട് ചേർന്നുള്ള ശേഷിക്കുന്ന സ്ഥലങ്ങളിലും സമാനമായ രീതിയിൽ വികസന പ്രവർത്തനങ്ങൾ നടത്താനാണ് ജയിൽ അധികൃതരുടെ തീരുമാനം.

ENGLISH SUMMARY:

Kannur Central Jail is establishing itself as a true rehabilitation center by nurturing the unique talents and creative skills of its inmates. The jail authorities have fully backed a concept proposed by a prisoner to construct a stunning sculpture garden named 'Geya' near the main entrance. Meaning 'Goddess of Earth' in Greek, the eco-friendly garden depicts a fallen tree amidst lush greenery, a natural stream, a pond, and a beehive to convey a message of environmental conservation. Developed over one and a half years by a lead inmate sculptor and five fellow prisoners, this initiative highlights the prison administration's commitment to reforming inmates through creative expression.